| Friday, 5th December 2025, 1:54 pm

ഖലീഫയുടെ ഗ്രാഫുയരും; കാമിയോ റോളില്‍ മോഹന്‍ലാലും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ഖലീഫ. ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നതാണ് ഇപ്പോള്‍ പല സിനിമാ പേജുകളും പുറത്തു വിടുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ കാമിയോ റോളില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖലീഫ. Photo: theatrical poster

എ.ബി. ജോര്‍ജ്, സിനി ലോക്കോ തുടങ്ങിയ എക്‌സ് ഹാന്‍ഡിലുകളാണ് മോഹന്‍ലാല്‍, ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന സൂചന പുറത്തു വിട്ടത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിര്‍ അലിയെന്ന കഥാപാത്രത്തിന്റെ മുന്‍ഗാമിയായ അഹമ്മദ് അലിയെന്ന കഥാപാത്രമായാണ് മോഹല്‍ലാല്‍ എത്തുക എന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റ ടീസറില്‍ അഹമ്മദ് അലിയെന്ന കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു.

പൃഥ്വിരാജ്. Photo: screen grab/Khalifa teaser/ Sony music Malayalam/ youtube.com

പൃഥ്വിരാജിന്റെ ആക്ഷന്‍ മാസ് രംഗങ്ങളാല്‍ സമ്പന്നമായ ടീസറിന് എഴുപത് ലക്ഷത്തോളം പേരെയാണ് ഇതിനോടകം തന്നെ യൂട്യൂബില്‍ കാഴ്ച്ചക്കാരായി ലഭിച്ചിരിക്കുന്നത്. ടീസറില്‍ ജേക്‌സ് ബിജോയ് സംഗീതം നിര്‍വ്വഹിച്ച ‘ദ ബ്ലഡ് ലൈന്‍’ എന്ന ടൈറ്റില്‍ ട്രാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിലവില്‍ വിദേശത്ത് ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായതായും, അടുത്ത വര്‍ഷം ആദ്യത്തോടെ ബാക്കി ചിത്രീകരണം തുടങ്ങുമെന്നുമാണ് വിവരം.

ഡിസംബര്‍ 16 ന് വരാനിരിക്കുന്ന ഭ ഭ ബ്ബ യിലും മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എമ്പുരാന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകനായ വൈശാഖാണ് ഖലീഫ സംവിധാനം ചെയ്യുന്നത്. 2024 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ടര്‍ബോയാണ് വൈശാഖിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്യാങ്സ്റ്റര്‍ ഫൈറ്റുകളുടെ കഥ പറയുന്ന ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ് ഖലീഫ. ജേക്‌സ് ബിജോയ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓണം റിലീസായെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

Content Highlight: mohanlal to be part of prithviraj starrer khalifa as cameo

We use cookies to give you the best possible experience. Learn more