മലയാളികളുടെ പ്രിയതാരമായ മോഹൻലാൽ തന്റെ ആത്മീയതയും ജീവിതദർശനവും തുറന്ന് പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ദൈവത്തോടുള്ള തന്റെ സമീപനം ‘ഭയമല്ല, പ്രേമമാണ്’ എന്ന് വ്യക്തമാക്കിയത്.
‘ദൈവത്തെ എനിക്ക് ഭയമില്ല, പ്രേമമാണ്. ‘സപ്രേമരൂപാ’ എന്നാണ് പറയാറുള്ളത്. ഭയപ്പെടുന്ന ഒരാളെ നമുക്ക് പ്രണയിക്കാൻ സാധിക്കില്ലല്ലോ,” എന്നാണ് മോഹൻലാൽ പറയുന്നത്.
മോഹൻലാൽ, Photo: Mohanlal/ Facebook
ആത്മീയതയിൽ പ്രാർത്ഥനയെക്കാൾ ധ്യാനത്തിനാണ് ഇപ്പോൾ താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദൈവ സങ്കൽപ്പം നമ്മുടെ ബോധവികാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിനപ്പുറം ധ്യാനത്തിലേക്ക് പോകുന്ന ഒരനുഭവമാണ് എനിക്ക് ഇപ്പോൾ കൂടുതലായി അനുഭവപ്പെടുന്നത്,’ എന്നും താരം കൂട്ടിച്ചേർത്തു.
ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ വിടവാങ്ങിയതിൽ വലിയ ദുഃഖമുണ്ടെങ്കിലും തനിക്ക് ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു.
‘അത് പ്രപഞ്ചനിയമമാണ്. അവർ വിട്ടുപോയെന്നൊരു തോന്നൽ എനിക്ക് പലപ്പോഴും ഉണ്ടാകാറില്ല. കണ്ണടച്ചാൽ അവർ ഉള്ളിലുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ല എന്ന് മാത്രം,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
മോഹൻലാൽ, Photo: Mohanlal/ Facebook
‘പഴയ സീനുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. അതിൽ അഭിനയിച്ച പലരും ഇന്ന് ഇല്ല. എന്നാൽ സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ. നാളെ ഞാനും മറയും എന്ന യാഥാർത്ഥ്യം അറിയാം,’ എന്ന് മോഹൻലാൽ പറഞ്ഞു.
ജീവിതത്തിലെ ഈ തിരിച്ചറിവുകൾക്കിടയിലും താൻ ഒരു സാധാരണ മനുഷ്യനാണെന്നും വികാരങ്ങളെ മറയ്ക്കാനാവില്ലെന്നും മോഹൻലാൽ തുറന്ന് പറഞ്ഞു.
‘ഫിലോസഫിക്ക് മീതെയാണ് ചിലപ്പോൾ കണ്ണീർ വരുന്നത്. ലോകത്ത് എത്ര ഫിലോസഫികളുണ്ടെങ്കിലും മനുഷ്യൻ കരയുന്നത് നിർത്തുന്നില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരത്തിന്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആത്മീയതയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള മോഹൻലാലിന്റെ ഈ കാഴ്ചപ്പാട് ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Content Highlight: Mohanlal talks about his spirituality and philosophy of life