| Wednesday, 5th August 2026, 7:50 pm

അധികം സിനിമകളൊന്നും ഇനി ചെയ്യേണ്ട, പക്ഷേ ചെയ്യുന്നത് നല്ല സിനിമകളാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആരാധകര്‍ക്ക് പ്രതീക്ഷയേകി മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രമായി സിനിമയിലെത്തിയ താരം ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരമൂല്യമുള്ള അഭിനേതാവാണ്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം, ദൃശ്യം 3 തുടങ്ങി വന്‍ വിജയതുടര്‍ച്ചയാണ് താരം മോളിവുഡില്‍ കാഴ്ചവെക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട താരം വന്‍ തിരിച്ച് വരവായിരുന്നു ഈ ചിത്രങ്ങളിലൂടെ നടത്തിയത്. മലയാളത്തില്‍ താരത്തിന് തടയിടാന്‍ മറ്റൊരു നടനും സാധിക്കില്ല എന്ന സൂചന കൂടിയായിരുന്നു ഈ വിജയങ്ങള്‍.

ഇതേ ഫോം തുടരാനുള്ള പ്രൊജക്ടുകളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള അതിമനോഹരവും, ദിലീഷ് പോത്തനൊപ്പമുള്ള നെടുങ്കണ്ടം മിറാക്കിളും കൃഷാന്ദിനൊപ്പം ചെയ്യാനിരിക്കുന്ന ചിത്രവുമെല്ലാം പ്രതീക്ഷയേകുന്നവയാണ്. എന്നാല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് താരം കാമിയോ റോളിലെത്തുന്ന ചിത്രങ്ങള്‍ക്കായാണ്. പൃഥ്വിരാജ് നായകനാകുന്ന ഖലീഫയും, രജിനിയുടെ ജയിലര്‍ 2വും മകള്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കവുമെല്ലാം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍.

മോഹന്‍ലാല്‍. Photo: News18

ഇപ്പോഴിതാ സമീപകാലത്തെ മൂവി സെലക്ഷനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടക്കവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. കാര്യമായി തെരഞ്ഞെടുപ്പുകളൊന്നും നടത്താതെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ അധികം സിനിമകള്‍ ഒന്നും ഇനി ചെയ്യേണ്ടതില്ലെന്നും ചെയ്യുന്ന സിനിമകള്‍ നല്ലതായാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാമിയോ സെലക്ട് ചെയ്യുന്നത് ആ സിനിമയോട് ഒരു എക്സൈറ്റ്മെന്റ് തോന്നിയിട്ടോ, ആ താരത്തോടുള്ള കമ്മിറ്റ്മെന്റോ അല്ലെങ്കില്‍ ആ സിനിമയ്ക്ക് അത് ഗുണം ചെയ്തേക്കാം എന്നുള്ളതോ കൊണ്ടാണെന്നും മാത്രമല്ല ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം ചുരുങ്ങിയ സമയം കൊണ്ട് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo: X.com

എന്നാല്‍ താരത്തിന്റെ വാക്കുകള്‍ക്കിടയിലെ അര്‍ത്ഥം കണ്ടെത്തുന്ന താരത്തിന്റെ ആരാധകരുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പഴയ സംവിധായകര്‍ക്ക് സൗഹൃദത്തിന്റെ പേരില്‍ ഡേറ്റ് കൊടുക്കുന്നത് താരം അവസാനിപ്പിച്ചെന്നും ഇനി കഴിവുള്ള സംവിധായകര്‍ക്കൊപ്പം നല്ല ചിത്രങ്ങള്‍ ചെയ്യുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും പോസ്റ്റില്‍ പലരും പറയുന്നു.

Content Highlight: Mohanlal talks about his selection of movies

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more