| Wednesday, 27th May 2026, 8:22 am

ദൈവമേ... എന്ന് വിളിച്ചാണ് സ്റ്റേജിൽ കയറുന്നത്, എന്റെ ഷോയിൽ ഇരുന്ന് ആളുകൾ ഉറങ്ങിപ്പോയിട്ടുണ്ട്: മോഹൻലാൽ

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം അഭിനയ വൈവിധ്യത്തിലൂടെയും സ്വാഭാവിക പ്രകടനങ്ങളിലൂടെയും ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

സിനിമയ്ക്ക് പുറമെ നാടക വേദികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന മോഹൻലാൽ ഇപ്പോഴിതാ തന്റെ പഴയകാല നാടക അനുഭവങ്ങളും സ്റ്റേജ് ഷോകളിലെ രസകരമായ ഓർമകളും പങ്കുവെക്കുകയാണ്.

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ അനുഭവപ്പെടുന്ന ടെൻഷനെക്കുറിച്ച് താരം സംസാരിച്ചത്.

മോഹൻലാൽ, Photo: Mohanlal/ Fcaebook

നിരവധി സംസ്കൃത നാടകങ്ങളിലും സ്റ്റേജ് ഷോകളിലും അഭിനയിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകൾ ചെയ്ത അഭിനേതാക്കളിൽ ഒരാളായിരിക്കാമെന്നും മോഹൻലാൽ പറഞ്ഞു.

‘സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്ന കാര്യം. കാരണം ഒരുപാട് ഗാഡ്ജറ്റുകളിൽ അല്ലേ വർക്ക് ചെയ്യുന്നത്. ഞാൻ സംസ്കൃത നാടകങ്ങൾ ചെയ്തിട്ടുണ്ട്, ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള ഒരു ആക്ടർ ഞാനായിരിക്കും,’ എന്നാണ് മോഹൻലാൽ പറയുന്നത്.

സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ ഭയവും ആവേശവുമാണ് സ്റ്റേജിൽ കയറുമ്പോഴും അനുഭവപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. ‘സിനിമ പോലെ തന്നെയാണ് അവിടെ കയറുമ്പോൾ ‘ദൈവമേ’ എന്ന് വിളിച്ചിട്ടാണ് കയറുന്നത്.

ഒരു വിശ്വാസത്തിന്റെ പുറത്താണ് ചെയ്യുക. പല കുഴപ്പങ്ങളും വരാം. അതൊരു ഭയങ്കര കിക്ക് തരുന്ന സംഭവം തന്നെയാണ്,’ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാൽ, Photo: My Blog

പഴയ സ്റ്റേജ് ഷോകളെക്കുറിച്ചുള്ള രസകരമായ ഓർമകളും താരം അഭിമുഖത്തിൽ പങ്കുവെച്ചു. നടി മീനയുമൊത്ത് നിരവധി ഷോകൾ ചെയ്തിട്ടുണ്ടെന്നും പിന്നീട് പഴയ സ്റ്റേജ് അനുഭവങ്ങൾ ഓർക്കുമ്പോൾ തമാശയായി തോന്നാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

‘മീനയൊക്കെ ഒരുപാട് ഷോസ് എന്റെ കൂടെ ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് അതെല്ലാം ആലോചിക്കുമ്പോൾ ഭയങ്കര തമാശയായി തോന്നും. ചില ആളുകൾ നമ്മുടെ ഷോയിൽ കിടന്നുറങ്ങിപ്പോയിട്ടുണ്ട്.

അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപാട് തെറ്റുകളും പറ്റിയിട്ടുണ്ട്,’ എന്നാണ് താരം പറഞ്ഞത്.

അതേസമയം, ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ആണ് മോഹൻലാലിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബ പ്രേക്ഷകരെയും ത്രില്ലർ സിനിമാപ്രേമികളെയും ഒരുപോലെ ആകർഷിച്ച് ചിത്രം മുന്നേറുകയാണ്.

Content Highlight: Mohanlal talks about his past stage show experiences

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more