1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി താരം വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ആഘോഷമാക്കുകയാണ് ആരാധകര്‍. താരത്തിന്റെ ജന്മദിനമായി മെയ് 21ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3 വലിയ വിജയമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
2013ല്‍ പുറത്തിറങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിയില്‍ നിന്നും പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇതിനോടകം 240 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദൃശ്യം 3യിലെ താരത്തിന്റെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിച്ചത്. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും മറ്റ് കലാരൂപങ്ങളിലും തത്പരനായ താരം താന്‍ ചെയ്യാറുള്ള സ്റ്റേജ് ഷോകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മോഹന്‍ലാല്‍. Photo: X.com
‘സിനിമയിലഭിനയിക്കുന്നതിനെക്കാളും ഏറ്റവും ടെന്‍ഷനുള്ള കാര്യമാണ് നാടകങ്ങളില്‍ അല്ലെങ്കില്‍ സ്റ്റേജ് ഷോകളില്‍ അഭിനയിക്കുക എന്ന് പറയുന്നത്. കാരണം ഇതെല്ലാം ഒരുപാട് ഗാഡ്‌ജെറ്റ്‌സിലാണല്ലോ വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ സംസ്‌കൃത നാടകങ്ങള്‍ അടക്കം ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോസ് ചെയ്തിരിക്കുന്ന ആക്ടര്‍ ഞാനായിരിക്കും. സിനിമ പോലെ തന്നെ അവിടെ കയറുമ്പോഴും ദൈവമേ എന്ന് വിളിച്ചിട്ടാണ് കയറുന്നത്.
ഇപ്പോള്‍ സ്‌റ്റേജില്‍ കിടക്കുന്ന ഒരു വയറില്‍ ചവിട്ടിയാല്‍ പ്രശ്‌നമാകും. പണ്ടെല്ലാം മണലിലായിരുന്നു കളിച്ചിരുന്നത്. ഇതിനിടയില്‍ ഒരുപാട് കുഴപ്പങ്ങള്‍ വരാം. നമ്മുടെ കൈയില്‍ നിന്ന് തെറ്റ് സംഭവിക്കാം, ഡയലോഗ് മറന്നുപോകാം. അത് വളരെയധികം കിക്ക് നല്‍കുന്ന സംഭവാണ്. അഡ്രിനാലിന്‍ റഷുണ്ടാകും. ഇതുമായി ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്ന ഒരുപാട് സംഭവങ്ങളാണ് ഓര്‍മ വരുന്നത്. ചില ആള്‍ക്കാര്‍ നമ്മുടെ ഷോയിലിരുന്ന് ഉറങ്ങിപോയിട്ടുണ്ട്.
മോഹന്‍ലാല്‍ സ്‌റ്റേജ് ഷോക്കിടയില്‍. Photo: NDTV
ഒരിക്കല്‍ ഒരു ഷോ നടന്നുകൊണ്ടിരിക്കുന്നതിനടിയില്‍ അറിയാതെ സിസ്റ്റം ഓപ്പറേറ്റ് ചെയ്ത ആള്‍ ഒരു സ്വിച്ചില്‍ പിടിച്ച് ഞെക്കി. പെട്ടെന്ന് സ്റ്റേജിലെ ലൈറ്റെല്ലാം പോയി ബ്ലാക്ക് ഔട്ടായി. ദൈവമേ എന്ന് വിളിച്ച് അയാള്‍ ഇരുട്ടില്‍ ഏതോ സ്വിച്ചില്‍ പിടിച്ച് ഞെക്കിയപ്പോള്‍ അത് കൃത്യമായിരുന്നു. അങ്ങനെ വെളിച്ചം വന്നു. അത്തരത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഉള്ള കാര്യമാണ് സ്റ്റേജ് ഷോകള്‍. അതിലെല്ലാം ഒരു രസമുണ്ട്. ജോര്‍ജ് കുട്ടിയെ പോലെയാണ് എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. അതില്‍ നിന്നെല്ലാം എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് രക്ഷപ്പെട്ട് പോകുകയാണ്,’മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal talks about his experience in stage shows and drama