| Wednesday, 15th April 2026, 12:57 pm

ദൃശ്യം 3യും പേട്രിയറ്റും; ഒരു പ്രതീക്ഷയുമില്ലെന്ന് മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

എക്കാലത്തും മലയാളികള്‍ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത അഭിനേതാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി നാനൂറോളം ചിത്രങ്ങളില്‍ പലവിധ വേഷങ്ങളും ഭാവങ്ങളും പകര്‍ന്നാടിയ മോഹന്‍ലാല്‍ പുതിയ തലമുറയുടെയും ആവേശമാണ്. മറ്റൊരു താരത്തിനുമില്ലാത്ത വിധത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും പ്രേക്ഷകരുടെ ഈ ഇഷ്ടം കാരണമാണ്.

ദൃശ്യം 3യുടെ സെറ്റില്‍ നിന്നും. Photo: X.com

കഴിഞ്ഞ വര്‍ഷം എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലൂടെ വമ്പന്‍ വിജയം സ്വന്തമാക്കിയ താരം 2026 ലും അതേ ഫോം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന പേട്രിയറ്റുമാണ് താരത്തിന്റെ അപ്കമിങ് ലിസ്റ്റിലുള്ള രണ്ട് ചിത്രങ്ങള്‍.

വിഷുദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ മോഹന്‍ലാല്‍ വരാനിരിക്കുന്ന ഈ രണ്ട് ചിത്രങ്ങളെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ വിഷു പേട്രിയറ്റിനും ദൃശ്യം 3ക്കും വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണെന്നും എങ്ങനെയാണ് പ്രതീക്ഷകളെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ ഉടനടി തന്നെ ഒരു പ്രതീക്ഷയുമില്ലെന്ന് താരം പറഞ്ഞതാണ് പലരിലും ചിരി പടര്‍ത്തുന്നത്.

‘ഒരു പ്രതീക്ഷയുമില്ല. നമ്മള്‍ ചെയ്തു കഴിഞ്ഞു. ഇനി അത് തിയേറ്ററുകളില്‍ വരട്ടെ ആളുകള്‍ കാണട്ടെ. എന്റെ പ്രതീക്ഷയല്ലല്ലോ, എന്റെ ജോലി കഴിഞ്ഞു. അല്ലാതെ ഞാന്‍ പ്രത്യേക പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. നല്ല സിനിമകളായിരിക്കും രണ്ടും. മോശം സിനിമകളാവില്ല. വിസ്മയയുടെ ചിത്രവും ഈ വര്‍ഷം വരുന്നുണ്ട്. അത് ഓഗസ്റ്റിലാണ് വരുന്നത്. അവര്‍ക്കെല്ലാം അതിനുള്ള ഭാഗ്യമുണ്ടാവട്ടെ. സിനിമ എന്ന് പറയുന്നത് അങ്ങനെയാണല്ലോ. ഭാഗ്യം എന്ന് പറയുന്നത് ഒരു വാക്കല്ലല്ലോ. അതൊരു ഈശ്വരനിര്‍മിതമായ കാര്യമാണ്. എല്ലാം നല്ല രീതിയില്‍ സംഭവിക്കട്ടെ, നമുക്ക് അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.

പേട്രിയറ്റിന്റെ സെറ്റില്‍ നിന്നും. Photo: X.com

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3യും പേട്രിയറ്റും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, നയന്‍താര, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നേരത്തേ ഏപ്രില്‍ 22ന് റിലീസ് നിശ്ചയിച്ചിരുന്ന പേട്രിയറ്റ് പിന്നീട് മെയ് ഒന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. അതേസമയം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലേക്കെത്തേണ്ടിയിരുന്ന ദൃശ്യം 3 മെയ് 22ലേക്കും മാറ്റിയിരുന്നു.

Content Highlight: Mohanlal talks about his expectations for Patriot and Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more