വില്ലനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും തുടര്‍ന്ന് നാലു പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കരിയറിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്ത കലാകാരനാണ് മോഹന്‍ലാല്‍. ദശാബ്ദങ്ങള്‍ക്കിപ്പുറവും മലയാളത്തില്‍ പകരം വെക്കാനില്ലാത്ത സൂപ്പര്‍ താരമായി നില കൊള്ളുന്ന താരത്തിന്റെ മക്കളും അദ്ദേഹത്തിന്റെ വഴിയെ സിനിമയിലേക്കെത്തിയിരുന്നു. പ്രണവ് മോഹന്‍ലാലിന് പിന്നാലെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച തുടക്കം എന്ന ചിത്രമായിരുന്നു അടുത്ത കാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത്.
തുടക്കം . Photo: District
2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ഒരു തുടക്കക്കാരിയുടെ പോരായ്മകളൊന്നും തന്നെ ഇല്ലാതെ മികച്ച പ്രകടനമായിരുന്നു വിസ്മയ കാഴ്ചവെച്ചത്. ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയതോടെ വിസ്മയയുടെ തുടക്കത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
മകള്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരുവോണ ദിനത്തോട് അനുബന്ധിച്ച് 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മകന്റെയും മകളുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മായയുടെ ഒപ്പം ചെയ്യുമ്പോള്‍ അവളോട് കംഫര്‍ട്ടബിള്‍ ആയി ഇരുന്നോളാനാണ് ഞാന്‍ പറഞ്ഞത്. അവരെ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാകുമല്ലോ. അവരാണ് നമ്മളെക്കാള്‍ നെര്‍വസ് ആകുന്നത്. ഞാന്‍ ഒരു സെറ്റിലേക്ക് ചെല്ലുമ്പോള്‍ തന്നെ ലാലേട്ടന്‍ വന്നെന്ന് പറഞ്ഞ് ആവശ്യമില്ലാതെ ഒരു സൈലന്‍സ് ഇടും. അതെന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. അപ്പോള്‍ തന്നെ അവിടെയുള്ള അന്തരീക്ഷം മാറും.
തുടക്കം . Photo: X.com
മകളോടൊപ്പമാണെന്ന് കരുതി ആ ഷോട്ടിന് പ്രത്യേക സന്തോഷമൊന്നുമില്ല. അത് ചെയ്യുമ്പോള്‍ നമ്മള്‍ ആ ഒരു ക്യാരക്ടറായിട്ടാണല്ലോ ചെയ്യുന്നത്. അവിടെ അച്ഛന്‍ എന്ന് പറഞ്ഞ സ്ഥാനമല്ലല്ലോ. ഇത്തരത്തില്‍ ആദ്യമായി അഭിനയിക്കുന്ന ഒരുപാട് പേരുടെ കൂടെ ഞാന്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം ആദ്യം നെര്‍വസ് ആകും. എന്റെ തുടക്കകാലത്ത് ഞാനും ഇതുപോലെ വലിയ ആക്ടേഴ്‌സിനൊപ്പമാണ് അഭിനയിച്ചിരുന്നത്. അവരെല്ലാം എന്നെ എത്ര മനോഹരമായിട്ടാണ് നോക്കിയതെന്ന് എനിക്കറിയാം. ആ ബഹുമാനം ഞാന്‍ എന്റെ കൂടെ അഭിനയിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ കൊടുക്കാറുണ്ട്, അത് പുതിയതോ പഴയതോ എന്ന് നോക്കിയിട്ടല്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal talks about his approach to debut actors