മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് അതിലെ ‘ഫഹദ് ഫാസില്‍ റെഫറന്‍സ്’ ആയിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ഒരു നോര്‍ത്ത് ഇന്ത്യക്കാരന്റെ കഥാപാത്രം തനിക്ക് മലയാള സിനിമയെക്കുറിച്ച് അറിയാമെന്നും ഫഹദ് ഫാസിലിന്റെ ആരാധകനാണെന്നും പറയുന്ന രംഗമായിരുന്നു അത്.
‘എനിക്ക് ഫഫയെ വളരെ ഇഷ്ടമാണ്. ഫഹദ് ഫാസില്‍, ആവേശം, കുമ്പളങ്ങി നൈറ്റ്‌സ്… എന്തൊരു പ്രകടനം!’ എന്നായിരുന്നു അയാള്‍ പറയുന്നത്. അതിന് മറുപടിയായി മോഹന്‍ലാല്‍ കഥാപാത്രം ‘ഞങ്ങള്‍ക്ക് വളരെ മികച്ച സീനിയര്‍ നടന്മാരുമുണ്ട്’ എന്ന് പറയുകയാണ്.
പുതിയ ജനറേഷനിലെ പൂനെയിലുള്ള ഒരാളുമായി സംസാരിക്കുന്ന സ്ഥലത്താണ് ഫഹദ് ഫാസിലിനെ കുറിച്ച് പറയുന്നതെന്നും അയാള്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന നടനാണ് ഫഹദെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘അയാള്‍ കണ്ടിരിക്കുന്നത് ഫഹദിന്റെ ആവേശം പോലെയുള്ള സിനിമകളാണ്. ആ സമയത്ത് എന്റെ കഥാപാത്രം ഒരു പ്രേക്ഷകനായിട്ടാകും അവിടെ സംസാരിച്ചത്. അല്ലാതെ മോഹന്‍ലാല്‍ ആയിട്ടല്ല ആ ഡയലോഗ് പറയുന്നത്. ‘വേറെയും ആക്ടേഴ്‌സുണ്ട്’ എന്നും പറഞ്ഞ് അയാള്‍ അയാളുടെ പരിഭവം പറയുന്നതാണ്. അതൊരു ഫണ്ണായ കാര്യമാണ് (ചിരി),’ മോഹന്‍ലാല്‍ പറയുന്നു.
താന്‍ അഭിനയത്തിലേക്ക് വരുന്നത് മലയാള സിനിമയില്‍ ഏറ്റവും വലിയ ആക്ടേഴ്‌സുള്ള സമയത്താണെന്നും നടന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി പിള്ള, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ശങ്കരാടി എന്നിവരുടെ കൂടെയൊക്കെ തനിക്ക് അഭിനയിക്കാന്‍ സാധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റു ഭാഷകളിലുമായി അത്തരത്തില്‍ മികച്ച അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, നാഗേശ്വരറാവു, രാജ്കുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചു. ഇവരെല്ലാവരും നമ്മളെ അത്രയും ഇഷ്ടപ്പെട്ടും സ്‌നേഹിച്ചുമാണ് കൊണ്ടുപോയത്. അവരുടെ സ്‌നേഹത്തിനുള്ളിലാണ് അന്ന് സിനിമയിലേക്ക് വന്ന എന്നെ പോലെയുള്ളവര്‍ വളര്‍ന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Fahadh Faasil Reference In Hridayapoorvam Movie