| Sunday, 17th May 2026, 8:17 pm

'ജോർജുകുട്ടിയെ മുതല പിടിച്ചു തിന്നു'; ക്ലൈമാക്സ് ചോദിച്ചവർക്ക് ലാലേട്ടൻ നൽകിയ തകർപ്പൻ മറുപടി

കെ.എസ് ഷാബിന

ഓൺ സ്‌ക്രീനിലെ പകരം വെക്കാനാവാത്ത അഭിനയമികവ് കൊണ്ട് മാത്രമല്ല, ഓഫ് സ്‌ക്രീനിലെ രസകരമായ പെരുമാറ്റവും കൊച്ചു കൊച്ചു തമാശകളും കൊണ്ട് മലയാളികളുടെ മനസ് കവർന്ന പ്രിയതാരമാണ് മോഹൻലാൽ. ഇപ്പോഴിതാ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3′ യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ലാലേട്ടൻ പറഞ്ഞ ഒരു തമാശയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ദൃശ്യം 3’ തിയേറ്ററുകളിൽ എത്താനിരിക്കെ, മുമ്പ് ‘ദൃശ്യം 2’ വിന്റെ സമയത്ത് ചിത്രത്തിന്റെ സസ്പെൻസ് ചോർന്നുപോകാതിരിക്കാൻ ലാലേട്ടൻ പ്രയോഗിച്ച ഒരു കഥയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ലാലേട്ടൻ ആ രസകരമായ ഓർമ്മ പങ്കുവെച്ചത്.

ദൃശ്യം.Photo:The Indian Express

ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ ചോദിച്ചവരോട് ‘ഒന്നാം ഭാഗത്തിൽ വരുണിന്റെ മഞ്ഞ മാരുതി കാർ പാറമടയിലെ വെള്ളത്തിൽ തള്ളിയ ശേഷം, അതിൽ മറന്നുവെച്ച ഒരു സാധനം എടുക്കാൻ ജോർജുകുട്ടി തിരിച്ചുപോയെന്നും, അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു മുതല ജോർജുകുട്ടിയെ പിടിച്ചു തിന്നുവെന്നും’ താൻ മറുപടി നൽകി എന്ന് ലാലേട്ടൻ പറയുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദൃശ്യം 3 യുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി മിക്ക്‌ നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ലാലേട്ടന്റെ തമാശ നിറഞ്ഞ മറുപടി.

ദൃശ്യം.Photo:Imdb

ഷൂട്ടിങ്ങിലും ഡബ്ബിങ്ങിലുമായി സിനിമ പലതവണ കണ്ടിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ കൂടെ തിയേറ്ററിലിരുന്ന് കാണുന്ന അനുഭവം വേറെത്തന്നെയാണെന്ന് മോഹൻലാൽ പറയുന്നു. എഡിറ്റിങ്ങും മ്യൂസിക്കും ഒക്കെ പൂർത്തിയായി ഫൈനൽ ഔട്ട്പുട്ടിലേക്ക് എത്തുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് മാറും എന്നും, കഥ അറിയാമെങ്കിൽ പോലും, പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കൊപ്പം ഒരു സാധാരണ പ്രേക്ഷകനായി മാറി സിനിമ കാണുന്നത് തികച്ചും വ്യത്യസ്തമായ ഒരു തിയേറ്റർ അനുഭവം തന്നെ ആണെന്നും ലാലേട്ടൻ പറയുന്നു.

ഈ മാസം 21-നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ തിയേറ്ററുകളിലെത്തുന്നത്. ജോർജ് കുട്ടിയുടെ മൂന്നാം വരവിൽ ഇനി എന്താണ് സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാള സിനിമാലോകം.

Content Highlight: Mohanlal talks about drishyam movie climax

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more