മലയാളികളുടെ സ്വന്തം മോഹൻലാൽ ജോർജ് കുട്ടിയായി വീണ്ടുമെത്തുമ്പോൾ വളരെ ആകാംക്ഷയിലും അതിലേറെ സന്തോഷത്തിലുമാണ് ആരാധകർ. മൂന്നാം വരവിൽ ഇനി എന്തായിരിക്കും പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം.
ഓൺസ്‌ക്രീനിലും ഓഫ് സ്ക്രീനിലും മലയാളികളെ ഒരുപോലെ ചിരിപ്പിക്കുന്ന താരമാണ് മോഹൻലാൽ. അവതാരകരുടെ ആഴത്തിലുള്ള ചോദ്യങ്ങൾക്കും രസകരമായ മറുപടികൾ നൽകുന്ന ലാലേട്ടനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.
ദൃശ്യം 2. Photo: IMDB
ജോർജ് കുട്ടിയെ എന്തുകൊണ്ടാണ് മലയാളി പ്രേക്ഷകർ ഇത്രയുമധികം ഇഷ്ടപ്പെടുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ലാലേട്ടൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
‘ദൃശ്യം ഒന്നും രണ്ടുമൊക്കെ ഈശ്വരന്റെ ഒരു കയ്യൊപ്പുള്ള സിനിമയായിട്ടാണ് കാണുന്നത്. എത്രയോ പ്രേക്ഷകരാണ് മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ളവരും ദൃശ്യം എന്ന് വരും എന്നാണ് ചോദിക്കുന്നത്. ദൃശ്യം 2 കാരണം മലയാള സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം കാരണം എല്ലാം നല്ലതേ ഉണ്ടായിട്ടുള്ളൂ.
ഒരു കഥാപാത്രം വരുന്നു, നമ്മൾ അത് ആത്മാർത്ഥമായി ചെയ്യുന്നു. ഞാൻ മാത്രമല്ല ഒരുപാട് പേർ ചേരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നതും ആ സിനിമ സക്സസ് ആവുന്നതും. ദൃശ്യം ഇത്രയധികം സക്സസ്ഫുൾ ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത് എല്ലാവരുടെയും ഒരു ഭാഗ്യമാണ്. ഞാൻ ഇങ്ങനെ ചെയ്തത് കൊണ്ട് ഈ സിനിമ ഗംഭീരമാകും എന്ന് കരുതുന്നില്ല. ഇനി അങ്ങനെ കരുതുകയുമില്ല’ മോഹൻലാൽ പറഞ്ഞു.
‘എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്. അതൊരു ഈശ്വരാധീനമായി കാണുന്നു’ എന്നും മോഹൻലാൽ പറയുന്നു. അവതാരക ദൃശ്യം 4 ഉണ്ടാകുമോ എന്ന് ചോദിക്കുമ്പോൾ ഫോറില്ല ഫൈവ് ഉണ്ടെന്നായിരുന്നു ലാലേട്ടന്റെ തമാശ നിറഞ്ഞ മറുപടി.
ദൃശ്യം 2. Photo: IMDB
ദൃശ്യം 3 മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. അതിന്റെതായ സന്തോഷവും മോഹൻലാൽ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
Content Highlight: Mohanlal talks about Drishyam 3 movie and his success