| Saturday, 13th September 2025, 8:02 pm

'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ'; ബിഗ് ബോസിലെ ലെസ്ബിയന്‍ കപ്പിള്‍സിനെ പിന്തുണച്ച് മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബിഗ് ബോസ് ഷോയില്‍ അധിക്ഷേപ നേരിട്ട ലെസ്ബിയന്‍ കപ്പിള്‍സിന് പിന്തുണയുമായി നടനും ഷോയുടെ അവതാരകനുമായ മോഹന്‍ലാല്‍.

മത്സരാര്‍ത്ഥികളായ ആദില, നൂറ എന്നിവരെ ‘എന്റെ വീട്ടില്‍ കയറ്റും’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിന് മുന്നോടിയായി ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വീഡിയോയിലാണ് ലെസ്ബിയന്‍ കപ്പിള്‍സിനെ പിന്തുണച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പരാമര്‍ശം.

‘ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ…’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ യുവനടിയും സഹമത്സരാര്‍ത്ഥിയുമായ വേദ് ലക്ഷ്മിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ലെസ്ബിയന്‍ കപ്പിള്‍സിനെ ‘വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍’ എന്ന് പറയാന്‍ നിങ്ങള്‍ക്കെന്ത് അധികാരമാണ് ഉള്ളതെന്നാണ് മോഹന്‍ലാല്‍ മത്സരാത്ഥികളോട് ചോദിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സറും മത്സരാര്‍ത്ഥിയുമായ മസ്താനിയോട് ഉള്‍പ്പെടെയാണ് മോഹന്‍ലാല്‍ ചോദ്യമുയര്‍ത്തിയത്.

നിങ്ങളുടെ ചെലവിലാണോ ആദിലയും നൂറയും ജീവിക്കുന്നത്? നിങ്ങള്‍ക്ക് മാത്രമാണ് ഇത്രയും പ്രശ്‌നമെന്നും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഷോയില്‍ നിന്ന് ഇറങ്ങിപോക്കോളൂവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഇരുവരോടും വളരെ ഗൗരവത്തോടെയാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്.

‘ഇവിടെ സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ പോലും ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അതിന് സപ്പോര്‍ട്ട് നിന്നിട്ട്, അവരുടെ സപ്പോര്‍ട്ട് വാങ്ങിച്ച് നില്‍ക്കാന്‍ എനിക്കത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്ത് തന്നത്താന്‍ നില്‍ക്കുന്ന രണ്ട് പേരാണെങ്കില്‍ റെസ്പെക്ട് ചെയ്തേനെ. നിന്റെയൊക്കെ വീട്ടിലോട്ട് പോലും കയറ്റത്തവള്‍മാരുമാണ്,’ വേദ് ലക്ഷമി നടത്തിയ അധിക്ഷേപ പരാമര്‍ശം.

സഹമത്സരാര്‍ത്ഥിയും ഗായകനുമായ അക്ബര്‍ ഖാനുമായുണ്ടായ തര്‍ക്കത്തിനിടെയാണ് വേദ് ലക്ഷ്മി ഈ പരാമര്‍ശം നടത്തിയത്. പിന്നാലെ ഈ സംഭവത്തിന് മുന്നോടിയായി നടന്ന ‘ചെരിപ്പ് ഫാക്ടറി’ ടാസ്‌ക് ലക്ഷ്മിയെ പ്രകോപിപ്പിച്ചതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.

അനവസരത്തിലാണ് വേദ് ലക്ഷമി അധിക്ഷേപ പരാമര്‍ശം നടത്തിയതെന്നും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചിരുന്നു. എപ്പിസോഡിലും ഇത് വ്യക്തമായിരുന്നു.

പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടായിരുന്നിട്ടുകൂടി 21 വയസ് മുതല്‍ ജോലി ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടികളാണ് ആദിലയും നൂറയുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.

വേദ് ലക്ഷ്മിക്കെതിരെ ബിഗ് ബോസ്, ഏഷ്യാനെറ്റ്, മോഹന്‍ലാല്‍ എന്നിവര്‍ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Mohanlal supports lesbian couple in Bigg Boss

We use cookies to give you the best possible experience. Learn more