| Monday, 27th October 2025, 3:32 pm

30 ദിവസം മനയിലിരുന്ന മമ്മൂട്ടി മാത്രമല്ല, വെയിലും പൊടിയും കൊണ്ട മോഹന്‍ലാലും സ്‌റ്റേറ്റ് അവാര്‍ഡിന് അര്‍ഹനാണ്, വൈറലായി ഫാന്‍ ഫൈറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. അവാസന റൗണ്ടില്‍ 36 സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ഒക്ടോബര്‍ 31ന് പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ മികച്ച നടനുള്ള പുരസ്‌കാരം ആര് നേടുമെന്ന കാര്യത്തില്‍ ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ തകൃതിയാണ്.

ഭ്രമയുഗത്തില്‍ ചാത്തനായും കൊടുമണ്‍ പോറ്റിയായും വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ പേരാണ് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെയ്ത എല്ലാ സിനിമകളിലും ഒന്നിനൊന്ന് വ്യത്യസ്ത പ്രകടനം കാഴ്ചവെച്ച ആസിഫും അവാര്‍ഡിന് അര്‍ഹനാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കിഷ്‌കിന്ധാ കാണ്ഡത്തില്‍ ഗംഭീര പെര്‍ഫോമന്‍സ് പുറത്തെടുത്ത വിജയരാഘവനും മികച്ച നടനുള്ള പുരസ്‌കാരം നേടാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ വിലയിരുത്തുന്നു.

ഇവര്‍ക്കൊപ്പം മോഹന്‍ലാലിനും അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിലെ പ്രകടനം മികച്ചതാണെന്നും മോഹന്‍ലാലിനും അവാര്‍ഡ് നല്കണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് ചിലര്‍ നല്കുന്ന ന്യായീകരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വെയിലും പൊടിയും സഹിച്ചാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിച്ചതെന്ന് ചില ആരാധക ഐ.ഡികള്‍ അഭിപ്രായപ്പെടുന്നു. ഈ ഡെഡിക്കേഷന് അവാര്‍ഡ് നല്കിയില്ലെങ്കില്‍ അത് നീതികേടാകുമെന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. ആരാധകരുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായിരിക്കുകയാണ്.

ആരാധകരുടെ കമന്റിന് മറുപടിയായി ചില സര്‍ക്കാസം പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ‘മോഹന്‍ലാല്‍ വെയിലും പൊടിയും സഹിച്ചാണ് അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടിയോ, ഭ്രമയുഗത്തിലെ മന വിട്ട് പുറത്തേക്ക് പോയിട്ടേയില്ല. അതുകൊണ്ട് അവാര്‍ഡിന് എന്തുകൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ’ എന്നാണ് ഒരു പോസ്റ്റ്.

‘അഭിനയത്തിനാണോ വെയില്‍ കൊണ്ടതിനാണോ അവാര്‍ഡ് കൊടുക്കുന്നത്’, ‘ മോഹന്‍ലാല്‍ മണലില്‍ കിടന്നുറങ്ങി, ഫാന്‍സ് തിയേറ്ററില്‍ കിടന്നുറങ്ങി, ഈ പടത്തിന് അവാര്‍ഡ് വേണോ’, ‘മികച്ച നടനുള്ള അവാര്‍ഡിന് പുറമെ നവാഗത സംവിധായകനുള്ള അവാര്‍ഡും മോഹന്‍ലാലിന് കൊടുക്കാം’ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

എന്നാല്‍ അവസാന റൗണ്ടില്‍ മലൈക്കോട്ടൈ വാലിബന് ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ മേഖലയില്‍ അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ആരാകും അവാര്‍ഡ് ജേതാവെന്നറിയാന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Content Highlight: Fans Arguing that Mohanlal also deserves State Award for Malaikottai Valiban

We use cookies to give you the best possible experience. Learn more