| Wednesday, 3rd June 2026, 9:41 pm

വാഴ 2 തീര്‍ന്നെന്നാ കേട്ടത്; 14 ദിവസത്തിനുള്ളില്‍ ബോക്‌സ് ഓഫീസില്‍ നിന്നും കോടികളുമായി ദൃശ്യം 3

അശ്വിന്‍ രാജേന്ദ്രന്‍

കോടികളില്‍ മാത്രം കണക്കുകൂട്ടുന്ന കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2026ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും തിയേറ്ററുകളില്‍ ആളെ നിറച്ചപ്പോള്‍ ഒരു നൂറ് കോടി ചിത്രവും രണ്ട് ഇരുനൂറ് കോടി ചിത്രവുമാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. ഇതില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 തിയേറ്ററുകളില്‍ തേരോട്ടം നടത്തിയത്.

ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 222 കോടിയിലധികം നേടി ബോക്‌സ് ഓഫീസ് ഹിറ്റടിക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ വാഴയുടെ നേട്ടത്തിന് അധികകാലം ആയുസില്ലെന്ന സൂചനയുമായിട്ടായിരുന്നു മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി തിയേറ്ററുകളിലേക്കെത്തിയത്.

വാഴ 2. Photo: IMDB

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ച ചിത്രം ഇപ്പോഴിതാ വാഴ 2വിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സിനിമാ പേജുകള്‍ പുറത്തുവിടുന്നത്. റിലീസ് ചെയ്ത് 14 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 225 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ വാഴ 2വിനെ പിന്തള്ളി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3.

ലിസ്റ്റില്‍ ദൃശ്യം 3യുടെ മുമ്പിലുള്ള ചിത്രം മോഹന്‍ലാലിന്റെ തന്നെ തുടരുമാണ്. 234 കോടി നേടിയ ചിത്രത്തിന്റെ റെക്കോര്‍ഡ് ദൃശ്യം 3 തകര്‍ക്കുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇനി ആരാധകര്‍ കാത്തിരിക്കുന്നതാകട്ടെ 242 കോടി നേടി മൂന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോര്‍ഡ് ദൃശ്യത്തിന് തകര്‍ക്കാന്‍ സാധിക്കുമോ എന്നാണ്. അതേസമയം കേരള ബോക്‌സ് ഓഫീസിലെ മാത്രം കാര്യമെടുത്താല്‍ വാഴ 2 ബഹുദൂരം മുന്നിലാണ്. 122 കോടി സ്വന്തമാക്കിയാണ് വാഴ 2 ആധിപത്യം തുടരുന്നത്.

ദൃശ്യം 3. Photo: X.com

ശരാശരി അഭിപ്രായം മാത്രം ലഭിച്ചിട്ടും ഇത്തരത്തില്‍ വമ്പന്‍ കളക്ഷന്‍ ദൃശ്യം 3യ്ക്ക് ലഭിച്ചതോടെ മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് കരുത്താണ് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. ഒരു ഫാമിലി ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിട്ട് കൂടി ചിത്രം ഇത്രയും നേടിയെങ്കില്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രവുമായി മോഹന്‍ലാല്‍ എത്തിയാല്‍ സകല റെക്കോര്‍ഡുകളും താരത്തിന് എളുപ്പത്തില്‍ തകര്‍ക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Mohanlal starrer Drishyam 3 crosses 225 crore worldwide surpasses Vaazha 2 record

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more