മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചടങ്ങിൽ സംസാരിച്ച മോഹൻലാൽ, നിർമാതാവ് ബിനു ജോർജ് അലക്സാണ്ടറിന്റെ വലിയ ആഗ്രഹമായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും അമ്മയെക്കൊണ്ട് നിർവഹിക്കണമെന്നതെന്ന് പറഞ്ഞു. ബിനു ജോർജ് അലക്സാണ്ടർ തന്റെ ഏറ്റവും വലിയ ചിത്രമായാണ് ഈ സിനിമയെ കാണുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ. Photo. Screen Grab/ Youtube
‘വളരെ സന്തോഷത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ബിനു ഇതിന് മുമ്പും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിനിമയായിട്ടാണ് ഇതിനെ കാണുന്നത്. അതുകൊണ്ടാണ് അമ്മയെക്കൊണ്ട് ചിത്രത്തിന്റെ വിളക്ക് കൊളുത്തിക്കണമെന്നും സ്വിച്ച് ഓൺ കർമം നിർവഹിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചത്. ഒരുപാട് സന്തോഷം ബിനു.
സത്യൻ ചേട്ടന്റെ ആദ്യ സിനിമ മുതൽ അവസാനമായി പുറത്തിറങ്ങിയ സിനിമ വരെ ഞാൻ ഭാഗമായിട്ടുണ്ട്. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ചയെന്നോണം അദ്ദേഹത്തിന്റെ മകനൊപ്പവും സിനിമ ചെയ്യാൻ സാധിക്കുന്നു. വലിയ പ്രതീക്ഷയുള്ള സിനിമയാണിത്. നല്ല സിനിമയായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അങ്ങനെ സംഭവിക്കട്ടെ. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. സിനിമയെക്കുറിച്ച് ഇനി സംസാരിക്കേണ്ടത് സംവിധായകനും അതിൽ പ്രവർത്തിക്കുന്നവരുമാണ്. അവർ പറയുന്നത് കേട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. എല്ലാവർക്കും ഓൾ ദ ബെസ്റ്റ്,’ മോഹൻലാൽ പറഞ്ഞു.
അതേസമയം, മോഹൻലാലിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ ‘ഓപ്പറേഷൻ ഗംഗ’യുടെ ചിത്രീകരണം ജോർജിയയിൽ പുരോഗമിക്കുകയാണ്. ഇതിന് പുറമെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന സിനിമയിൽ ടി.എസ്. ലൗലജൻ എന്ന എസ്.ഐ. കഥാപാത്രമായാണ് താരം എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ഷൂട്ടിങ് പൂർത്തിയായ ചിത്രം ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
L368. Photo. Facebook.com
ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘നെടുങ്കണ്ടം മിറാക്കിൾ’, സത്യൻ അന്തിക്കാടിനൊപ്പമുള്ള പുതിയ ചിത്രം, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ, ജീത്തു ജോസഫിനൊപ്പമുള്ള പുതിയ പ്രോജക്ട് എന്നിവയും മോഹൻലാലിന്റേതായി അണിയറയിലുണ്ട്. ഈ മലയാള സിനിമകൾക്ക് പുറമെ ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തിലും മോഹൻലാൽ കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Mohanlal speaks at the pooja ceremony of the movie L368