മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. കാലങ്ങള്‍ക്കിപ്പുറവും തന്റെ നടനവൈഭവം കൊണ്ട് പ്രേക്ഷകരെ തന്നിലേക്കടുപ്പിക്കാന്‍ മോഹന്‍ലാലിനുള്ള കഴിവ് മറ്റൊരു നടനുമില്ല. പോസ്റ്റീവ് റിപ്പോര്‍ട്ട് വന്ന സിനിമകള്‍ എല്ലാതരം പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കുള്ളൂ എന്നതിന്റെ ഉദാഹരണമായിരുന്നു തുടരും എന്ന ചിത്രത്തിന്റെ വിജയം.
അഭിനയജീവിതം നാലര പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹം പകര്‍ന്നാടാത്ത വേഷങ്ങളില്ല. ഏത് തരം കഥാപാത്രത്തിലേക്കും അനായാസമായി കൂടുമാറാനുള്ള വൈദഗ്ധ്യം മോഹന്‍ലാലിനുണ്ട്. തന്റെ ഉറ്റസുഹൃത്തായ സത്യന്‍ അന്തിക്കാടിനൊപ്പം പത്തുവര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഹൃദയപൂര്‍വം റിലീസിനൊരുങ്ങുകയാണ്. താന്‍ അഭിനയിച്ച സിനിമകള്‍ കാണുമ്പോള്‍ എന്താണ് തോന്നുകയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.
‘ഞാന്‍ ചെയ്ത സിനിമകള്‍ മുഴുവനായി കാണാറില്ല. അതിനുള്ള സമയം കിട്ടാറില്ല എന്നതാണ് സത്യം. എന്നാലും ചെറിയ ചില ക്ലിപ്പുകളൊക്കെ കാണാറുണ്ട്. അതിനുള്ള സൗകര്യം ഇപ്പോള്‍ ഉണ്ടല്ലോ. റീല്‍സിന്റെ രൂപത്തിലും മറ്റും നമുക്ക് അത് അവൈലബിളാണ്. അങ്ങനെ ഈയിടെ ഒരു സീന്‍ കണ്ടു. സത്യം പറഞ്ഞാല്‍ എനിക്ക് അത് കണ്ടപ്പോള്‍ സങ്കടമായി.
അന്ന് എന്റെ കൂടെ അഭിനയിച്ച ആരും ഇപ്പോള്‍ ഇല്ല. ചന്ദ്രലേഖയിലെ ആ ബെഡ്ഡിന്റെ അടുത്ത് നിന്നുകൊണ്ടുള്ള സീനുണ്ടല്ലോ. അതില്‍ എന്റെ ചുറ്റും നിന്ന ആരും ഇപ്പോള്‍ കൂടെയില്ല. എല്ലാവരും പോയി. അത് എനിക്ക് വല്ലാത സങ്കടമുണ്ടാക്കിയ കാര്യമാണ്. ഇതേ കാര്യം മധു സാറും എന്നോട് ഈയിടക്ക് പറഞ്ഞിരുന്നു.
‘എന്റെ പഴയ സിനിമയൊന്നും ഞാന്‍ കാണാറില്ല ലാലേ, സങ്കടം വരും’ എന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘ഒരുത്തന്‍ പോലും ഇപ്പോള്‍ കൂടെ ഇല്ലഡേയ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന്റെ ക്യാമറാമാനും, സംവിധായകനും എല്ലാരും പോയി. നമ്മുടെ കാര്യമാണെങ്കില്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമേ പോയിട്ടുള്ളൂ,’ മോഹന്‍ലാല്‍ പറയുന്നു.
അക്കാര്യത്തില്‍ പ്രത്യേക സങ്കടമുണ്ടെങ്കിലും ആ സമയത്തുണ്ടായ മൊമന്റുകള്‍ ആലോചിച്ചാല്‍ ചെറുതായി സന്തോഷം വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴയ സിനിമകള്‍ താന്‍ അധികം കാണാറില്ലെന്നും തന്റേതല്ലാത്ത നല്ല സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ വീട്ടിലുണ്ടാകുന്ന സമയത്ത് അവിടുള്ള തിയേറ്ററില്‍ നല്ല സിനിമകള്‍ തേടിപ്പിടിച്ച് കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Mohanlal shares Madhu’s comment about his old movies