| Wednesday, 5th August 2026, 9:45 pm

അച്ഛനായിട്ടല്ല അവരോടൊപ്പം ഒരു കുട്ടിയായി നടക്കാനാണ് എനിക്കിഷ്ടം: മോഹൻലാൽ

കെ.എസ് ഷാബിന

മലയാളത്തിന്റെ പ്രിയ നടൻ മോഹനലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയിക്കുന്ന തുടക്കം സിനിമയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. പ്രണവിന് ശേഷം മകൾ വിസ്മയയും അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അച്ഛനായ മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്. താരകുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി സിനിമയിലേക്ക് ചുവടുവെക്കുമ്പോൾ ആരാധകരേക്കാൾ ഏറെ സന്തോഷത്തിലാണ് അച്ഛനായ മോഹൻലാൽ.

മകൾ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അച്ചനായ മോഹൻലാൽ എന്ത് ഉപദേശമാണ് മകൾക്ക് നൽകുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് ലാലേട്ടൻ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഒരു അച്ഛനായിട്ടു നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടികളോടൊപ്പം തന്നെ ഒരു കുട്ടി ആയി നടക്കാനാണ് തനിക്കിഷ്ടം എന്നായിരുന്നു ലാലേട്ടന്റെ പുഞ്ചിരി നിറഞ്ഞ മറുപടി.

മോഹൻലാൽ. വിസ്മയ മോഹൻലാൽ. Photo: News18

തുടക്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി അമൃത ടി.വി ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലാലേട്ടന്റെ പ്രതികരണം.

‘ഒരു അച്ഛൻ എന്നുള്ള പൊസിഷനിംഗ് ഒന്നും എന്റെ ലൈഫിൽ ഞാൻ കൊണ്ടുവന്നിട്ടില്ല. ഒരു അച്ഛനായിരിക്കണം എന്ന് ഒരു റൂൾ ഒന്നുമില്ല. ‘എന്റെ അച്ഛൻ വളരെ സ്ട്രിക്റ്റ് ആയിരുന്നു’ എന്ന് ചില കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോൾ ഞാൻ ആലോചിക്കും, ‘എന്തിനാണ് ആ അച്ഛനൊക്കെ ഇത്ര സ്ട്രിക്റ്റ് ആയത്? അതുകൊണ്ട് എന്ത് ഗുണമുണ്ടായി?’ എന്ന്.

എനിക്ക് ഞാൻ മറ്റുള്ളവരെപ്പോലെ ഒരു വ്യക്തി ആയാൽ മതി. അവർക്ക് എന്നോട് എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ ഒരു ഫ്രണ്ട്‌ലി ബിഹേവിയറിലാണ് അവരുമായി പോകുന്നത്,’ ലാലേട്ടൻ പറയുന്നു.

മോഹൻലാൽ. വിസ്മയ മോഹൻലാൽ. Photo: Cinema Express

ഒരു അഡൾട് പേരന്റ് ആകുമ്പോഴാണ് നമ്മൾ കുട്ടികളുമായി ആവശ്യമില്ലാതെ അവരുമായി വഴക്കിടുന്നതെന്നും, അതൊക്കെ ഒഴിവാക്കാൻ ആണ് താൻ ശ്രമിക്കുന്നതെന്നും ലാലേട്ടൻ പറയുന്നു. അച്ഛൻ എന്ന ഒരു കോൺസെപ്റ്റ് തനിക്ക് ഇല്ല എന്നും ലാലേട്ടൻ കൂട്ടിച്ചേർക്കുന്നു.

‘നമ്മൾ ഒരു ചൈൽഡ് അല്ലെങ്കിൽ അഡൾട്ട് പേരന്റ് എന്ന് പറയുന്ന ഒരു സംഭവത്തിലൂടെയാണ് കടന്നുപോകുന്നത്. നമ്മൾ കൂടുതലും ഇവരുടെ കൂടെ സഞ്ചരിക്കുമ്പോൾ ചൈൽഡ് ആകും. അഡൾട്ട് പാരന്റ് ആകുമ്പോഴാണ് ‘അങ്ങനെ ചെയ്യാൻ പാടില്ല’ എന്നൊക്കെ പറഞ്ഞുകൊണ്ട് ആവശ്യമില്ലാതെ അവരുമായി വഴക്കിടുന്നത്.

ഞാൻ അതൊക്കെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് കൂടുതലും കുട്ടികളുടെ കൂടെ ഒരു കുട്ടിയായി നടക്കാനാണ് ഇഷ്ടം. അപ്പോൾ ആ ‘അച്ഛൻ’ എന്നൊരു കോൺസെപ്റ്റ് എനിക്കില്ല,’ ലാലേട്ടൻ പറയുന്നു.

ജൂഡ് ആന്തണി സംവിധാനം ചെയുന്ന ചിത്രം ഈ മാസം 7 ന് തിയേറ്ററുകളിൽ എത്തും.

Content Highlight: Mohanlal says he doesn’t want to be a parent; he just wants to be a child with them

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more