| Thursday, 18th September 2025, 7:56 pm

പ്രതീക്ഷിക്കാതെ കിട്ടിയ ചിക്കന്‍ ബിരിയാണി, ഫാന്‍സിനെപ്പോലും ഞെട്ടിച്ച് മോഹന്‍ലാലിന്റെ വൃഷഭ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാട്രിക് ബ്ലോക്ക്ബസ്റ്ററുമായി ഇന്‍ഡസ്ട്രിയില്‍ കളംനിറഞ്ഞ് നില്‍ക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും കേട്ട പഴികള്‍ പലിശ സഹിതം തീര്‍ത്ത് മലയാളത്തിലെ തന്റെ താരസിംഹാസനം മോഹന്‍ലാല്‍ വീണ്ടെടുത്തിരിക്കുകയാണ്.

തനിക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങളാരുമില്ലാതെ ഇന്‍ഡസ്ട്രിയുടെ നെറുകയില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൃഷഭ. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലാതിരുന്ന പ്രൊജക്ടായിരുന്നു ഇത്. പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള കിടിലന്‍ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. മേക്കിങ്ങിലും പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും അണിയറപ്രവര്‍ത്തകര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് ടീസറിലൂടെ വ്യക്തമാണ്. യോദ്ധാവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പീരിയോഡിക് പോര്‍ഷനുകളാകും ചിത്രത്തില്‍ കൂടുതലുമെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. ടീസറിലെ ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ മെയ്‌വഴക്കവും ആരാധകരുടെ ചര്‍ച്ചാവിഷയമാണ്. ഈ പ്രായത്തിലും ഫ്‌ളെക്‌സിബിളായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മോഹന്‍ലാല്‍ കൈയടി നേടുകയാണ്.

മുന്‍ ജന്മത്തില്‍ തന്റെ ശത്രുവായിരുന്നയാള്‍ ഈ ജന്മത്തില്‍ മകനായി പിറക്കുന്നു എന്നതാണ് ചിത്രത്തിന്റെ വണ്‍ലൈന്‍. പുതുമുഖം സമര്‍ജിത് ലങ്കേഷാണ് മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയരുത്തപ്പെടുന്നത്.

കന്നഡ സംവിധായകന്‍ നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസ്. ഒരുക്കിയ സംഗീതവും ടീസറിന്റെ പോസിറ്റീവായി പലരും എടുത്തുപറയുന്നുണ്ട്. ഈ വര്‍ഷം ദീപാവലിക്ക് പാന്‍ ഇന്ത്യന്‍ റിലീസായി വൃഷഭ പ്രേക്ഷകരിലേക്കെത്തും.

Content Highlight: Mohanlal’s Vrushabha movie teaser out now

We use cookies to give you the best possible experience. Learn more