| Friday, 10th October 2025, 6:44 pm

ഫസ്റ്റ് ഹാഫില്‍ വില്ലനായും സെക്കന്‍ഡ് ഹാഫില്‍ നായകനായും മോഹന്‍ലാല്‍? വൃഷഭയുടെ വണ്‍ലൈന്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുത്തന്‍ റിലീസുകള്‍ കൊണ്ടും റീ റിലീസ് കൊണ്ടും ഈ വര്‍ഷം മുഴുവന്‍ തൂക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും താരം തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭയാണ് മോഹന്‍ലാലിന്റെ അന്യഭാഷാ ചിത്രം. പീരിയോഡിക് ത്രില്ലറായാണ് വൃഷഭ ഒരുങ്ങിയത്. ചിത്രത്തിന്റെ ടീസറിനും മികച്ച വരവേല്പാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വണ്‍ലൈന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ട് കാലഘട്ടങ്ങളിലായാണ് വൃഷഭയുടെ കഥ അരങ്ങേറുന്നത്. ആദ്യപകുതിയില്‍ ആധുനിക കാലഘട്ടവും രണ്ടാം പകുതിയില്‍ പീരിയോഡിക് കാലഘട്ടവുമാണ് കാണിക്കുന്നത്. ഒരുപാട് ലെയറുള്ള കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്ന് വണ്‍ലൈനിലൂടെ വ്യക്തമാണ്.

ആദിദേവ് എന്ന വജ്രവ്യാപാരിയായും പഴയകാലത്തെ യോദ്ധാവായുമാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ആദ്യപകുതിയില്‍ ആദിദേവിന്റെ ബിസിനസിന്റെ കഥയാണ് പറയുന്നത്. ആദിയുടെ ബിസിനസ് ഇല്ലാതാക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നതും അതിനെ തടയുന്നതും കാണിച്ച് ആദ്യപകുതി അവസാനിക്കുമെന്നും രണ്ടാം പകുതിയില്‍ കഥ മറ്റൊരു തലത്തില്‍ പോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം പകുതിയില്‍ ആദിയുടെ മകന് കഴിഞ്ഞ ജന്മത്തിലെ കഥകള്‍ ഓര്‍മ വരികയും തന്റെ അച്ഛന്‍ കഴിഞ്ഞ ജന്മത്തില്‍ ശത്രുവാണെന്ന് മനസിലാവുകയും ചെയ്യുന്നു. പിന്നീട് അച്ഛനും മകനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇത്രയും മികച്ചൊരു തീമിനെ എങ്ങനെ ഒരുക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സമര്‍ജിത് ലങ്കേഷാണ് വൃഷഭയില്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് നവംബര്‍ ആറിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ബാലാജി ടെലിഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. രാഗിണി ദ്വിവേദി, അജയ്, അലി, നേഹ സക്‌സേന, സിദ്ദിഖ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് പ്രതീക്ഷയില്ലാതിരുന്ന ചിത്രത്തിന് ടീസര്‍ റിലീസിന് പിന്നാലെ ഹൈപ്പ് കയറി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകും വൃഷഭയിലേതെന്ന് കരുതുന്നു.

Content Highlight: Mohanlal’s Vrushabha movie synopsis out now

We use cookies to give you the best possible experience. Learn more