| Thursday, 25th December 2025, 7:36 pm

അത്ഭുതമൊന്നും സംഭവിച്ചില്ല, ഡിസംബര്‍- മോഹന്‍ലാല്‍- ബിഗ് ബജറ്റ് കോമ്പോ ഇത്തവണയും ഫ്‌ളോപ്പ്

അമര്‍നാഥ് എം.

ഈ വര്‍ഷം നടനായും താരമായും ഗംഭീര തിരിച്ചുവരവാണ് മോഹന്‍ലാല്‍ നടത്തിയത്. നായകനായെത്തിയ മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കി. എന്നാല്‍ വന്‍ വിജയത്തിനൊപ്പം ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്.

ഇന്ന് പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തെലുങ്കിലൊരുങ്ങിയ ചിത്രം ആദ്യദിനം ഇതുവരെ ഒരു കോടി പോലും കളക്ഷന്‍ നേടിയിട്ടില്ലെന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മോശം ഓപ്പണിങ്ങാണ് വൃഷഭക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സാമ്യതയും ചര്‍ച്ചയായിരിക്കുകയാണ്. അടുത്തിടെയായി ഡിസംബറില്‍ റിലീസാകുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ഒടിയനിലൂടെയാണ് ഈ വ്യത്യസ്തമായ സ്ട്രീക്ക് ആരംഭിച്ചത്. മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ ഒടിയന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.

2021ല്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തിയ മരക്കാര്‍ ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ വീണു. മോഹന്‍ലാലിന്റെ സ്ലാങ്ങടക്കം ട്രോളന്മാരുടെ ഇരയായി മാറി. മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡടക്കം നേടിയ മരക്കാറിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ട്രോളന്മാര്‍ വലിച്ചുകീറിയത്.

മരക്കാര്‍ പുറത്തിറങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ബോക്‌സ് ഓഫീസിന് വെല്ലുവിളിയായി. സംവിധായകനായും നായകനായും മോഹന്‍ലാല്‍ വേഷമിട്ട ബാറോസ് ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. ഈ സിനിമയെയും വലിച്ചുകീറാന്‍ ട്രോളന്മാര്‍ മടികാണിച്ചില്ല. 150 കോടി ബജറ്റിലെത്തിയ ചിത്രം ആകെ നേടിയത് 15 കോടി മാത്രമായിരുന്നു.

ഇപ്പോഴിതാ ഡിസംബര്‍ ബിഗ് ബജറ്റ് കോമ്പോയിലേക്ക് വൃഷഭയും ഉള്‍പ്പെട്ടിരിക്കുകയാണ്. നന്ദ കിഷോര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആരാധകര്‍ക്ക് പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. ആരാധകരുടെ ഈ ‘പ്രതീക്ഷയില്ലായ്മ’ വൃഷഭ ആദ്യാവസാനം കാത്തുസൂക്ഷിച്ചിട്ടുണ്ട്. 2022ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷമാണ് ഷൂട്ട് പൂര്‍ത്തിയായത്.

തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ പിന്നീട് ഭാഗമായ മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാതിരിക്കുകയാണ്. തെലുങ്ക് പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയിലെ അതിഥിവേഷം ട്രോള്‍ മെറ്റീരിയലായി മാറി. ദിലീപ് നായകനായ ഭ ഭ ബയില്‍ അതിഥിവേഷം ചെയ്‌തെങ്കിലും ആ ചിത്രവും ബോക്‌സ് ഓഫീസില്‍ വീണു. ഇപ്പോഴിതാ വൃഷഭയും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.

Content Highlight: Mohanlal’s Vrushabha movie getting disaster review on it’s first day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more