| Friday, 21st November 2025, 10:50 pm

ഒരേ ഡ്രസ്, ഒരേ വര്‍ഷം, ഒട്ടും ആവര്‍ത്തനം തോന്നാത്ത പെര്‍ഫോമന്‍സ്, മോഹന്‍ലാലിന്റെ കൗതുകകരമായ സിനിമകള്‍ ചര്‍ച്ച ചെയ്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വഭാവിക അഭിനയം കൊണ്ട് പലപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഒന്നില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് അനായാസം മാറുന്ന മോഹന്‍ലാലിന്റെ നടനവൈഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ആരാധകര്‍ ചൂണ്ടിക്കാണിച്ച ഒരു വ്യത്യസ്തതയാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം.

2001ല്‍ മോഹന്‍ലാല്‍ ചെയ്ത കാക്കക്കുയില്‍, രാവണപ്രഭു എന്നീ സിനിമകളിലെ ചെറിയ സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. രണ്ട് ചിത്രങ്ങളിലും ഒരേ കളറിലുള്ള ഡ്രസ് ധരിച്ച മോഹന്‍ലാലിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായി. ചുവന്ന കളര്‍ ഡ്രസ് രണ്ട് സിനിമകളിലും മോഹന്‍ലാല്‍ ധരിച്ചിട്ടുണ്ട്. വെറും മൂന്ന് മാസത്തെ ഗ്യാപ്പിലാണ് ഈ രണ്ട് കഥാപാത്രങ്ങളെയും മോഹന്‍ലാല്‍ പകര്‍ന്നാടിയതെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ രണ്ട് സ്‌ക്രീന്‍ഷോട്ടുകളിലും ഡ്രസിന്റെ നിറം മാത്രമേ ഒരുപോലെയുള്ളൂവെന്നും കഥാപാത്രങ്ങള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നുമാണ് പല പോസ്റ്റുകളിലും. ലുക്കിലും നടത്തത്തിലും ഈ വ്യത്യസ്തത കാണാനാകുമെന്നും പോസ്റ്റുകളില്‍ കുറിച്ചിട്ടുണ്ട്. രണ്ട് സിനിമകളിലെയും രംഗങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോകളും ഇതിനോടകം വൈറലായി.

ചെയ്തത് മോഹന്‍ലാലായതുകൊണ്ട് മാത്രം ഈ രണ്ട് പ്രകടനങ്ങളും സിമ്പിളായി തോന്നുമെന്നും എന്നാല്‍ മറ്റ് നടന്മാരെ ഈ രംഗങ്ങളില്‍ സങ്കല്പിച്ചാല്‍ ആ തോന്നല്‍ തെറ്റാണെന്ന് മനസിലാകുമെന്നും കമന്റുകളുണ്ട്. കാക്കകുയിലില്‍ മുകേഷുമൊത്ത് കോമഡി ചെയ്ത അതേ നടന്‍ രാവണപ്രഭുവില്‍ കട്ടക്ക് മാസ് ചെയ്യുന്നുവെന്നും കമന്റുണ്ട്.

അനൂപ് മേനോന്‍ പണ്ട് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡായി മാറി. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ നിന്ന് നേരെ ദേവാസുരത്തിന്റെ ലൊക്കേഷനിലേക്ക് പോയ മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി ഞെട്ടിച്ചു എന്നായിരുന്നു അനൂപ് മേനോന്‍ പറഞ്ഞത്.

നിമിഷങ്ങള്‍ കൊണ്ടുള്ള ഭാവമാറ്റവും പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത റിയാക്ഷനുകളുമായി ഏറെ ത്രസിപ്പിച്ച പഴയ മോഹന്‍ലാലിന്റെ അതേ ഫയര്‍ ഇപ്പോഴും കാണാമെന്നും തുടരും അതിനുള്ള ഉദാഹരണമാണെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബെന്‍സ് എന്ന കഥാപാത്രത്തിന്റെ ചില മാനറിസങ്ങള്‍ മറ്റാര്‍ക്കും അനുകരിക്കാനാകില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Mohanlal’s versatility discussing in social media

We use cookies to give you the best possible experience. Learn more