മലയാളി സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം ആഘോഷിച്ച സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മലയാള ചിത്രത്തിലൂടെ വില്ലനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാളത്തിലെ കിരീടം വെക്കാത്ത രാജാവാണെന്ന് നിസംശയം പറയാം. തിയേറ്ററുകളില്‍ നിന്നും ശരാശരി അഭിപ്രായം മാത്രം ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് പോലും വമ്പന്‍ കളക്ഷന്‍ നേടിക്കൊടുക്കാന്‍ സാധിക്കുന്ന താരത്തിന്റെ ബോക്‌സ് ഓഫീസ് പവര്‍ ഒട്ടനവധി തവണ മലയാളി പ്രേക്ഷകര്‍ തിരച്ചറിഞ്ഞതാണ്.
താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 3 വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും 240 കോടിയിലധികം നേടി വമ്പന്‍ വിജയമാണ് ചിത്രം നേടിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ദൃശ്യം 3 മാറിയിരുന്നു. ദൃശ്യം 3 ഒഴികെ മറ്റ് ചിത്രങ്ങളൊന്നും തന്നെ 2026ന്റെ ആദ്യ പകുതിയില്‍ പുറത്തിറങ്ങിയിരുന്നില്ല. ദൃശ്യത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഫാക്ടറുകള്‍ ഒന്നും തന്നെ ഇല്ല എന്നതും ആരാധകരെ നിരാശരാക്കിയിരുന്നു.
Photo: X.com
എന്നാല്‍ ഈ ക്ഷീണം തീര്‍ക്കാനുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നത്. നാല് ചിത്രങ്ങളാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്താനിരിക്കുന്നത്. ഇതില്‍ ഒരെണ്ണം മാത്രമാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം. മറ്റ് മൂന്ന് ചിത്രങ്ങളിലും താരം കാമിയോ റോളിലാണ് പ്രത്യക്ഷപ്പെടുക.
ആഗസ്റ്റ് ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന തുടക്കം ആണ് ഇത്തരത്തില്‍ താരം കാമിയോ റോളില്‍ എത്തുന്ന ആദ്യ ചിത്രം. മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തുവന്ന പോസ്റ്ററുകളിലെല്ലാം താരത്തിന്റെ സാന്നിധ്യം വ്യക്തമായിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും തുടക്കത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
എന്നാല്‍ ഏവരും വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ മാമ്പറക്കല്‍ അഹമദ് അലിയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിടുമെന്ന് സ്ഥിരീകരണം ലഭിച്ച മുതല്‍ തന്നെ ചിത്രത്തിന്റെ ഗ്രാഫ് ഉയര്‍ന്നിരുന്നു. ക്ലാഷ് റിലീസായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും വേഷമിടുന്നതോടെ വലിയ വിജയസാധ്യതയാണ് ഖലീഫയ്ക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തിന്റെ ജയിലര്‍ 2. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ തിയേറ്റര്‍ പൂരപ്പറമ്പാക്കിയത് താരത്തിന്റെ സ്റ്റൈലിഷ് എന്‍ട്രിയായിരുന്നു. രണ്ടാം ഭാഗത്തിലും ഇത് തുടരുമെന്നാണ് പലരും വിലയിരുത്തുന്നത്. ഒക്ടോബര്‍ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ജയിലര്‍. Photo: Reddit
മലയാള സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമാണ് തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന അതിമനോഹരം. കഴിഞ്ഞ വര്‍ഷം ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ വമ്പന്‍ കളക്ഷനായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുമ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഡിസംബര്‍ 24നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Content Highlight: Mohanlal’s upcoming movies in the second half of 2026