അടുത്തൊന്നും എയറില്‍ നിന്ന് താഴേക്കിറങ്ങാന്‍ സാധ്യതയില്ലാത്ത സിനിമയാണ് ഭ ഭ ബ. വന്‍ ബജറ്റിലെത്തി നിര്‍മാതാവിന് വലിയ നഷ്ടം സമ്മാനിച്ച ചിത്രം കഴിഞ്ഞദിവസമാണ് ഒ.ടി.ടിയിലെത്തിയത്. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഏതൊക്കെ സീനുകള്‍ എയറിലാകുമെന്ന കണക്കുകൂട്ടല്‍ ട്രോളന്മാര്‍ക്കുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഓരോ സീനും പ്രത്യേകം പ്രത്യേകം കീറിമുറിക്കപ്പെടുകയാണ്.
അതിഥിവേഷത്തിലെത്തിയ മോഹന്‍ലാലും ട്രോള്‍ മെറ്റീരിയലായിരിക്കുകയാണ്. ഒരു ഹൈപ്പുമില്ലാതിരുന്ന ഭ ഭ ബയുടെ ഹൈപ്പ് കൂടിയത് മോഹന്‍ലാലിന്റെ വരവോടെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മോഹന്‍ലാല്‍ മാറി. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ സിനിമകളിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കിയ മോഹന്‍ലാലിന് ഭ ഭ ബ തിരിച്ചടിയായെന്ന് തന്നെ പറയാം.
ഭ ഭ ബ Photo: Aattiprakkal Jimmy/ Facebook
ചിത്രത്തില്‍ മോഹന്‍ലാല്‍ മാസാണെന്ന് കാണിക്കാന്‍ ഓരോ സീനിലും ഓരോ ടൈറ്റിലാണ് സംവിധായകന്‍ നല്‍കിയത്. ഫാന്‍ബോയ് ട്രിബ്യൂട്ട് എന്ന രീതിയില്‍ ഒരുക്കിയ ഈ സീനുകളെല്ലാം തിരിച്ചടിയായിരിക്കുകയാണ്. മോഹന്‍ലാലിന്റെ കാല് കാണിക്കുമ്പോള്‍ ‘തലമുറകളുടെ നായകന്‍’ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.
പിന്നീട് മോഹന്‍ലാലിന്റെ മുഖം കാണിക്കുമ്പോള്‍ ‘ദി റിയല്‍ ഒ.ജി’ എന്നും നടന്നുപോകുന്നതിന്റെ ബാക്ക് ഷോട്ടില്‍ ‘ലോര്‍ഡ്’ എന്ന് ഷര്‍ട്ടില്‍ തുന്നിവെച്ചിരിക്കുന്നതും കാണിക്കുന്നുണ്ട്. ഒറ്റ സീനില്‍ മൂന്ന് ടൈറ്റിലാണ് ഫാന്‍ ബോയ് മോഹന്‍ലാലിന് നല്‍കിയത്. എന്നാല്‍ ഇതുകൊണ്ടും തീരുന്നില്ല. ഗോകുലം ഗോപാലന്‍, ബിജു പപ്പന്‍ തുടങ്ങിയവരെക്കൊണ്ട് ഓരോ സീനിലും മോഹന്‍ലാലിനെ പൊക്കിയടിച്ചുകൊണ്ടുള്ള ഡയലോഗുകള്‍ പറയിപ്പിക്കുന്നുണ്ട്.
ഭ ഭ ബ Photo: Aattiprakkal Jimmy/ Facebook
മോഹന്‍ലാലിനെ ചുമ്മാ കൊണ്ടുവന്നു എന്ന് കുറ്റം പറയിക്കാതിരിക്കാന്‍ ഒരു സെക്കന്‍ഡ് ഇന്‍ട്രോയും നല്‍കിയിട്ടുണ്ട്. ക്ലൈമാക്‌സ് ഫൈറ്റില്‍ കാട്ടില്‍ വെച്ച് മോഹന്‍ലാല്‍ കാണിക്കുന്ന മാസ് കോമാളിത്തരത്തിനിടയിലും ഫാന്‍ ബോയ് ട്രിബ്യൂട്ടുണ്ട്. മോഹന്‍ലാല്‍ വന്നിറങ്ങുന്ന ലോറിയുടെ പേര് ‘ഇമ്മോര്‍ട്ടല്‍’ എന്നാണ്. ഈ ടൈറ്റിലിന്റെ മുന്നില്‍ മോഹന്‍ലാലിനെ നിര്‍ത്തിക്കൊണ്ടുള്ള ഒരു ഷോട്ടുമുണ്ട്.
മോഹന്‍ലാല്‍ തോക്കെടുത്ത് വെടിവെക്കുന്ന ഷോട്ടില്‍ ലോറിയുടെ സൈഡിലെഴുതിയ ‘വൈല്‍ഡ് ഫയര്‍’ എടുത്തുകാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രം കാട്ടുതീയാണെന്ന് സംവിധായകന്‍ ഈ ഷോട്ടിലൂടെ പറയുകയാണ്. ഈ സീനില്‍ ‘അണ്‍ലീഷ്ഡ് ലയണ്‍’ എന്നാണ് ഷര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത്. ഇനിയും കുറച്ച് സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ പല ടൈറ്റിലുകളും സംവിധായകന്‍ മോഹന്‍ലാലിന് നല്‍കിയേനെ.
ഈ രംഗങ്ങളുടെയെല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രമായാണ് ഗില്ലി ബാലയെ പലരും കണക്കാക്കുന്നത്. കുറച്ചുനാളായി വലിയ ഇരയൊന്നുമില്ലാതിരുന്ന ട്രോളന്മാര്‍ക്ക് ഈയടുത്ത് കിട്ടിയ ഏറ്റവും വലിയ ചാകരയാണ് ഭ ഭ ബ എന്ന അസഹനീയ ചിത്രം.
Content Highlight: Mohanlal’s title in Bha Bha Ba movie getting trolls in social media