| Friday, 1st August 2025, 9:24 am

സല്‍മാന്‍ ഖാന്‍ മുതല്‍ പവന്‍ കല്യാണ്‍ വരെ വിചാരിച്ചിട്ടും നടന്നില്ല, ഓവര്‍സീസ് കളക്ഷനില്‍ ഈ വര്‍ഷം രാജാവ് മോഹന്‍ലാല്‍ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025 പകുതി പിന്നിട്ട സമയത്ത് പലരെയും ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച കളക്ഷന്‍ നേടാതെ പോവുകയും പുതിയ നടന്മാരുടെ സിനിമകള്‍ വന്‍ കളക്ഷന്‍ നേടുകയും ചെയ്തു. തമിഴില്‍ പല ബിഗ് ബജറ്റ് സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുന്നതും ഈ വര്‍ഷം കാണാന്‍ സാധിച്ചു.

ഇപ്പോഴിതാ ഈ വര്‍ഷം ഓവര്‍സീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ആദ്യ രണ്ട് സ്ഥാനത്തും മലയാളത്തിന്റെ മോഹന്‍ലാലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ലിസ്റ്റില്‍ മറ്റൊരു മലയാളി നടനും ഇല്ല എന്നതും ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ വളരെ പിന്നിലാണെന്നതും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് തെളിയിക്കുകയാണ്.

16.9 മില്യണ്‍ കളക്ഷനുമായി എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. 11 മില്യണുമായി തുടരും രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഓവര്‍സീസില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാളസിനിമ കൂടിയാണ് എമ്പുരാന്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ പലരും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ വിലകുറച്ച് കണ്ടിരുന്നു. അവര്‍ക്കുള്ള മറുപടിയായിരുന്നു ഈ വിജയങ്ങള്‍.

വിക്കി കൗശല്‍ നായകനായെത്തിയ ഛാവയാണ് ലിസ്റ്റില്‍ മൂന്നാമത്. 10.3 മില്യണാണ് ചിത്രം ഓവര്‍സീസില്‍ നിന്ന് സ്വന്തമാക്കിയത്. മറാത്ത രാജാവ് സംഭാജിയുടെ ജീവിതകഥ പറഞ്ഞ ചിത്രം ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈയൊരൊറ്റ സിനിമയിലൂടെ തന്റെ സ്റ്റാര്‍ഡം വലുതാക്കാന്‍ വിക്കിക്ക് സാധിച്ചു.

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മുന്നേറുന്ന സൈയ്യാരയാണ് നാലാം സ്ഥാനത്ത്. റിലീസ് ചെയ്ത് മൂന്ന് വാരത്തിനുള്ളില്‍ ഒമ്പത് മില്യണാണ് ഈ പ്രണയചിത്രം ഓവര്‍സീസില്‍ നിന്ന് നേടിയിരിക്കുന്നത്. എമ്പുരാന്‍, തുടരും എന്നീ സിനിമകളുടെ കളക്ഷന്‍ സൈയ്യാര മറികടക്കുമെന്നാണ് കരുതുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷന്‍ ഇതിനോടകം 450 കോടിക്കടുത്തായിരിക്കുകയാണ്.

അക്ഷയ് കുമാര്‍ നായകനായ ഹൗസ്ഫുള്‍ 5, ആമിര്‍ ഖാന്റെ സിതാരേ സമീന്‍ പര്‍, അജിത് കുമാറിന്റെ വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയൊക്കെയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ വമ്പന്മാരെ തകര്‍ത്താണ് മോഹന്‍ലാല്‍ ഒന്നാംസ്ഥാനത്ത് രാജകീയമായി എത്തിയതെന്ന കാര്യം ആരാധകര്‍ക്ക് സന്തോഷം നല്‍കുകയാണ്.

Content Highlight: Mohanlal’s Thudarum Empuraan are on the top of Overseas collection

We use cookies to give you the best possible experience. Learn more