71ാമത് ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി മോഹന്‍ലാല്‍. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മലയാളത്തിന്റെ മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സദസ്സൊട്ടാകെ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയിരുന്നു. പുരസ്‌കാരത്തിന് ശേഷം അദ്ദേഹം തന്റെ നന്ദിയറിയിക്കുകയും ചെയ്തു.
വളരെയധികം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് താന്‍ ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരില്‍ നല്‍കുന്ന ദാദാസാഹേബ് ഫാല്‍ക്കെ പുര്‌സകാരം സ്വീകരിക്കാനാണ് താന്‍ ഈ വേദിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സംസ്ഥാനത്ത് നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെയാളും ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകാന്‍ ഭാഗ്യവും ലഭിച്ചെന്നും താരം പറയുന്നു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും മുഴുവന്‍ മലയാള സിനിമയുടേതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ പുരസ്‌കാരം തന്റെ ഇന്‍ഡസ്ട്രിയിലെ മഹാരഥന്മാര്‍ പടുത്തുയര്‍ത്തിയ പൈതൃകത്തിനുമുള്ള സമര്‍പ്പണമാണെന്നും അദ്ദേഹം പറയുന്നു.
‘ഈ അവാര്‍ഡ് എനിക്കാണെന്ന വിവരം കേന്ദ്രത്തില്‍ നിന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനായി. പുരസ്‌കാരത്തിന്റെ വലുപ്പം കൊണ്ടല്ല. പകരം അത്രയും വലിയൊരു നേട്ടത്തിലേക്ക് ഞാനും എത്തപ്പെട്ടതിനാലാണ്. അതുപോലെ ഞങ്ങളുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം ഉയരത്തിലെത്തിക്കാനായതിലും സന്തോഷവാനാണ്.
തങ്ങളുടെ വിഷനും കലാവിരുതും കൊണ്ട് മലയാളസിനിമയെ ഇന്ന് കാണുന്ന രൂപത്തിലെത്തിച്ച മഹാരഥന്മാര്‍ക്ക് വേണ്ടിയാണ് ഈ പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങുന്നത്. വിദൂരസ്വപ്‌നത്തില്‍ പോലും ഞാന്‍ പുരസ്‌കാരം ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറയുകയാണ്. അതുകൊണ്ട് തന്നെ ഈ നിമിഷത്തെ സ്വപ്‌ന സാക്ഷാത്കാരമെന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാജിക്കലായ ഒരു മൊമന്റാണിത്.
എന്റെ പൂര്‍വികരുടെ ആശീര്‍വാദമായി ഈ പുരസ്‌കാരത്തെ ഞാന്‍ കാണുന്നു. പണ്ടും ഇപ്പോഴുമുള്ള മാസ്റ്റര്‍ ഫിലിംമേക്കര്‍മാരുടെ അനുഗ്രഹമാണ് ഇതിന്റെയെല്ലാം പിന്നില്‍. മലയാളസിനിമക്കും അതിന്റെ പ്രേക്ഷകര്‍ക്കും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ചെറിയൊരു ഭാഗവും ഇതിനോടൊപ്പം ചൊല്ലാന്‍ ആഗ്രഹിക്കുകയാണ്.
‘ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിത്,’ ഒരു നടനെന്ന നിലയില്‍ ഈ അവാര്‍ഡ് സിനിമയോടുള്ള എന്റെ ഉത്തരവാദിത്തങ്ങളെ കൂട്ടുകയാണ്. കൂടുതല്‍ ആത്മാര്‍ത്ഥയോടെ മുന്നോട്ടുപോകാന്‍ എന്നെ ഈ പുരസ്‌കാരം സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ പുരസ്‌കാരം എനിക്ക് സമ്മാനിച്ച ഗവണ്മെന്റിനോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal’s speech after receiving Dadasaheb Phalke Award