| Monday, 7th September 2026, 2:23 pm

ഇടക്കൊക്കെ നിരാഹാരം കിടക്കുന്നത് നല്ലതാ, വന്നപ്പോള്‍ തന്നെ രാഹുല്‍ ഈശ്വറിന് വയറ് നിറച്ച് കൊടുത്ത് മോഹന്‍ലാല്‍

അമര്‍നാഥ് എം.

ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ എട്ടാമത്തെ സീസണ് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. മലയാളത്തിന്റെ മോഹന്‍ലാലാണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകന്‍. 21 മത്സരാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കോമണര്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ട്.

സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഇത്തവയണയുമുള്ളത്. ഇതില്‍ ആരാകും 100 ദിവസം ബിഗ് ബോസ് ഹൗസില്‍ അതിജീവിക്കുക എന്നറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആദ്യദിനം ബിഗ് ബോസ് ഹൗസില്‍ കയറുന്നതിന് മുമ്പ് ട്രോളന്മാരുടെ ഇരയായ മത്സരാര്‍ത്ഥിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ രാഹുല്‍ ഈശ്വറിന്റെ വരവും പിന്നീട് മോഹന്‍ലാലും തമ്മില്‍ നടത്തിയ സംഭാഷണം ട്രോളന്മാര്‍ക്ക് ചാകരയായി മാറി. പീഡനക്കേസില്‍ ആരോപിതരായവര്‍ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന ‘പുരുഷ കമ്മീഷന്‍’ വേണമെന്ന് ആവശ്യപ്പെടുന്ന രാഹുല്‍ ഈശ്വര്‍ വന്ന് കേറിയ പാടെ മോഹന്‍ലാലിന്റെയടുത്ത് നിന്ന് തിരിച്ചടി നേരിട്ടു.

പുരുഷ കമ്മീഷന്‍ വേണമെന്ന തന്റെ ആവശ്യത്തോട് മോഹന്‍ലാല്‍ നിലപാട് അറിയിക്കണമെന്നും അങ്ങനെ അറിയിച്ചില്ലെങ്കില്‍ താന്‍ നിരാഹാരം കിടക്കുമെന്നും രാഹുല് ഈശ്വര്‍ പറഞ്ഞു. ഇത് കേട്ട പാതി ‘ഇടക്കൊക്കെ നിരാഹാരം കിടക്കുന്നത് നല്ലതാ’ എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഈയൊരു ചെറിയ ഭാഗം ഇതിനോടകം വൈറലായി.

സാധാരണയായി എല്ലാവരും ബിഗ് ബോസ് ഹൗസില്‍ കയറിയതിന് ശേഷമാണ് മോഹന്‍ലാലിന്റെയടുത്ത് നിന്ന് ട്രോളുകള്‍ വാങ്ങുന്നതെന്നും എന്നാല്‍ അതിന് മുമ്പ് ട്രോള്‍ വാങ്ങാന്‍ ഒരു റേഞ്ച് വേണമെന്നുമാണ് പലരുടെയും കമന്റുകള്‍. ചാനല്‍ ചര്‍ച്ചയിലായിരുന്നെങ്കില്‍ ഇറങ്ങി ഓടാമായിരുന്നെന്നും ഇത്തവണ അതിന് പറ്റില്ലെന്നും ചിലര്‍ പരിഹസിക്കുന്നു.

‘ഇത്തവണ ബിഗ് ബോസില്‍ നിന്ന് ഒരുലോഡ് ട്രോള്‍ മെറ്റീരിയലുകള്‍ കിട്ടാന്‍ സാധ്യതയുണ്ട്. അതിനുള്ള സൂചന രാഹുല്‍ തന്നുകഴിഞ്ഞു’, ‘ഇത് വെറും സാമ്പിള്‍… എയറില്‍ പോകാനിരിക്കുന്നതേയുള്ളൂ’ എന്നൊക്കെയാണ് രാഹുലിന്റെ ട്രോള്‍ വീഡിയോക്ക് ലഭിക്കുന്ന കമന്റുകള്‍. വരുംദിവസങ്ങളില്‍ 30 സെക്കന്‍ഡിന് വേണ്ടി അടിയുണ്ടാക്കുമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

Content Highlight: Mohanlal’s reply to Rahul Eshwar viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more