വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ഒരു ഇമോഷനല്‍ ത്രില്ലറാണ് വരാനിരിക്കുന്ന വലത് വശത്തെ കള്ളന്‍ എന്ന് അദ്ദേഹം പറയുന്നു.
‘രണ്ട് വര്‍ഷം മുമ്പാണ് ഈ സിനിമയുടെ ആലോചനകള്‍ തുടങ്ങുന്നത്. അതിനും ഒരു വര്‍ഷം മുന്‍പ് എഴുതി പൂര്‍ത്തിയാക്കിയ ഒരു സ്‌ക്രിപ്റ്റ് കയ്യിലുണ്ട്. തുടര്‍ച്ചയായി ത്രില്ലറുകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ, പലപ്പോഴും ചെയ്തുവരുമ്പോള്‍ അത്തരം ചിത്രങ്ങളാണ് തുടര്‍ച്ചയായി പുറത്തുവരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായ ഒരു ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍,’ ജീത്തു പറഞ്ഞു.
മോഹന്‍ലാല്‍ നായകനാകുന്ന ‘റാം’ എന്ന ചിത്രവും ജീത്തുവിന്റെ പണിപ്പുരയിലുണ്ട്. റാം രണ്ട് ഭാഗങ്ങളായാണ് ചെയ്യുന്നതെന്നും അതിന്റെ 30 ശതമാനത്തോളം ഷൂട്ട് മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടയ്‌ക്കൊരു ബ്രേക്ക് വന്നിരുന്നുവെന്നും പിന്നീട് ഷൂട്ട് തുടരാന്‍ സാധിച്ചില്ലെന്നും ജീത്തു പറഞ്ഞു. ഇനി അടുത്ത് പുനരാരംഭിക്കാന്‍ സാധിക്കുമോ എന്നറിയില്ലെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്യശ്യത്തിന്റെ രണ്ട് ഭാഗങ്ങളുടെ വന്‍വിജയം മൂന്നാം ഭാഗത്തിന് മേല്‍ അമിത പ്രതീക്ഷയുടെ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘സമ്മര്‍ദം ഇല്ലെന്ന് പറയാനാകില്ല പക്ഷേ, വാണിജ്യമായ നേട്ടമുണ്ടാക്കാനായി മാത്രം ഞാന്‍ ഒരു സിനിമയും ചെയ്തിട്ടില്ല. ദൃശ്യം തുടക്കം മുതല്‍ എനിക്കൊരു കുടുംബചിത്രമാണ്. രണ്ടു കുടുംബങ്ങളുടെ ആത്മ സംഘര്‍ഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യം 2ന് ശേഷം അടുത്ത ഭാഗം ചെയ്യാനുള്ള ഒരു നല്ല സന്ദര്‍ഭം ലഭിച്ചതുകൊണ്ടാണ് മൂന്നാം ഭാഗത്തിലേക്ക് കടന്നത്,’ ജീത്തു പറയുന്നു.
Content highlight: Mohanlal’s ‘Ram’ to be made in two parts; Jeethu Joseph on new films