| Friday, 14th November 2025, 10:45 pm

ഇത് രാമച്ചനാണോ, പിടി തരാതെ ഹയ്‌വാന്‍ ലൊക്കേഷനിലെ മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഹിറ്റ് ചിത്രമായ ഒപ്പം ഹിന്ദിയിലേക്ക് ഒരുക്കുകയാണ് പ്രിയദര്‍ശന്‍. 2016ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഒപ്പം ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാന താരങ്ങള്‍. ഒറിജിനല്‍ സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദിയില്‍ ഒപ്പം ഒരുക്കുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലെ ഷൂട്ടിന് ശേഷം മുംബൈയില്‍ അടുത്ത ഷെഡ്യൂളിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഹയ്‌വാന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സെയ്ഫിനും പ്രിയദര്‍ശനുമൊപ്പം മോഹന്‍ലാലും ചിത്രത്തിലുണ്ട്.

അതിഥിവേഷത്തില്‍ ഹയ്‌വാനില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം എന്താകുമെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കൈയില്‍ വാക്കിങ് സ്റ്റിക്കും കണ്ണില്‍ ഗ്ലാസുമായാണ് ഫോട്ടോയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. സെയ്ഫിനെപ്പോലെ അന്ധനായ കഥാപാത്രമാകും മോഹന്‍ലാലിന്റേതെന്ന് ഉറപ്പായിരിക്കുകയാണ്.

ഒപ്പത്തിലെ ജയരാമന്‍ എന്ന കഥാപാത്രം തന്നെയാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്. മലയാളത്തിലെയും ഹിന്ദിയിലെയും നായകന്മാരെ വെച്ച് ഒരു യൂണിവേഴ്‌സ് സൃഷ്ടിക്കാനാണോ പ്രിയദര്‍ശന്റെ ശ്രമമെന്നാണ് ചോദ്യം. വളരെ പ്രാധാന്യമുള്ള വേഷമാണ് മോഹന്‍ലാലിന്റേതെന്നാണ് സൂചന. രണ്ടാഴ്ചത്തെ ഡേറ്റാണ് താരം ഹയ്‌വാന് നല്കിയിരിക്കുന്നത്.

സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ പ്രിയദര്‍ശന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഹിന്ദി സിനിമാപ്രേമികള്‍. മുംബൈ ഷെഡ്യൂളിന് ശേഷം ദുബായിലാകും അടുത്ത ഷെഡ്യൂള്‍. അടുത്ത വര്‍ഷം പകുതിയോടെയാകും ഹയ്‌വാന്‍ തിയേറ്ററുകളിലെത്തുക.

ഹയ്‌വാന് ശേഷം ദൃശ്യം 3യുടെ ബാക്കി പോര്‍ഷനുകള്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. മഹേഷ് നാരായണന്റെ പാട്രിയറ്റ്, വിസ്മയ നായികയാകുന്ന തുടക്കം എന്നീ സിനിമകളിലേക്കാകും താരം പിന്നീട് കടക്കുക. 2026 ജനുവരിയില്‍ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

Content Highlight: Mohanlal’s presence in Haiwaan movie discussing

Latest Stories

We use cookies to give you the best possible experience. Learn more