| Wednesday, 7th October 2026, 10:21 pm

ചെറിയ ഒരു പോര്‍ഷനല്ലേ നമ്മള്‍ കണ്ടത്, മൂന്ന് മണിക്കൂറുള്ള ചിത്രത്തില്‍ ഇനി എന്തൊക്കെ കിടക്കുന്നു; കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമാലോകം റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍ വമ്പന്‍ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ അധോലോക നായകനായ മാത്യു എന്ന കഥാപാത്രമായി സംവിധായകന്‍ അവതരിപ്പിച്ചതോടെ ചിത്രത്തിന് കേരളത്തിലും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Photo: X.com

ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഇതില്‍ മാത്യുവുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ജയിലര്‍ 2വിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിക്കുന്നതെങ്കിലും ട്രെയ്‌ലര്‍ തൂക്കിയത് ലാലേട്ടനായിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ളവരും ഏറെ ആഘോഷിച്ചത് മാത്യുവിന്റെ ലുക്കായിരുന്നു.

നീണ്ട മുടിയും പ്രിന്റഡ് ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസും കഴുത്തിലെ ചെയിനും അടക്കം സ്റ്റൈലിഷായി വന്‍ സ്വാഗിലാണ് മാത്യു രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കിനെ കുറിച്ച് പേഴ്‌സണല്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ഭാഗത്തിനായി സ്റ്റൈല്‍ ചെയ്ത ശേഷം ആദ്യഭാഗത്തിലുണ്ടായിരുന്ന പോലെ തന്നെ മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്‌തെന്നും താരത്തിന് ആ കോസ്റ്റിയും അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടാണിതെന്നും ജിഷാദ് പറയുന്നു. ഈ ഫോട്ടോ റിലീസായതിന് ശേഷം തീര്‍ച്ചയായും ആ ഫോട്ടോ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂറുള്ള ചിത്രത്തിലെ രണ്ട് സെക്കന്‍ഡ് പോര്‍ഷന്‍ മാത്രമാണ് നമ്മള്‍ കണ്ടതെന്നും ഇനിയും ഒരുപാട് കാണാനുണ്ടെന്നും ജിഷാദ് കൂട്ടിച്ചേര്‍ത്തു.

Photo: X.com

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രമായി ജയിലര്‍ 2 ഇതിനോടകം മാറിയിട്ടുണ്ട്. ആറ് മണി മുതല്‍ തന്നെ ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ഞായറാഴ്ചയാണ് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുന്നത്.

Content Highlight: Mohanlal’s personal stylist Jishadh talks about Jailer 2 and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more