സോഷ്യല്‍ മീഡിയ ആരംഭിച്ച കാലം മുതല്‍ പല തരത്തിലുള്ള ഫാന്‍ ഫൈറ്റുകള്‍ക്ക് എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മമ്മൂട്ടി- മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റ് മുതല്‍ ഏറ്റവുമൊടുവില്‍ പ്രദീപ് രംഗനാഥന്‍- ശിവകാര്‍ത്തികേന്‍ ഫാന്‍ ഫൈറ്റ് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫാന്‍ ഫൈറ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്തായിലെ പ്രകടനം ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രകടനം അന്യഭാഷയില്‍ ഒരു മലയാള നടന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാന്തായിലേതെന്ന് ചില പേജുകള്‍ അഭിപ്രായപ്പെട്ടു. ഇരുവറിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് പോലും ദുല്‍ഖറിന്റെ പ്രകടനത്തിന്റെ അത്രയില്ലെന്നും ചില ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
ഇരുവറില്‍ മോഹന്‍ലാല്‍ എം.ജി.ആറായി വേഷമിട്ടത് തമിഴ്‌നാട്ടുകാര്‍ പോലും സ്വീകരിച്ചില്ലെന്നും ചില പേജുകള്‍ അഭിപ്രായപ്പെട്ടു. അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി മോശമാണെന്ന് പലരും ആരോപിക്കുന്നു. മലയാളം കലര്‍ന്ന തമിഴ് അഥവാ തമിഴാളമാണ് മോഹന്‍ലാലിന്റേതെന്നാണ് ചിലരുടെ പോസ്റ്റുകള്‍.
മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി കേള്‍ക്കാതിരിക്കാന്‍ എ.ആര്‍. റഹ്‌മാനെക്കൊണ്ട് മണിരത്‌നം പല സീനിലും ബി.ജി.എം ഉപയോഗിച്ചെന്നും ട്രോളുകളുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സും മണിരത്‌നത്തിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നുമാണ് ഇരുവരെന്ന് മോഹന്‍ലാല്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതുല്യനായ എം.ജി.ആറിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മണിരത്‌നം ഇരുവര്‍ ഒരുക്കിയത്. വന്‍ ഹൈപ്പിലെത്തിയ സിനിമ ശരാശരി വിജയത്തിലൊതുങ്ങിയെങ്കിലും കാലക്രമേണ കള്‍ട്ട് സ്റ്റാറ്റസ് സ്വന്തമാക്കാന്‍ ഇരുവര്‍ക്ക് സാധിച്ചു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് പ്രകാശ് രാജിന് ലഭിച്ചിരുന്നു.
വ്യത്യസ്ത ഴോണറിലുള്ള രണ്ട് സിനിമകളെക്കുറിച്ചുള്ള ഇത്തരം താരതമ്യം ആവശ്യമില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇരുവറിലെ ആനന്ദനും കാന്തായിലെ മഹാദേവനും ഇരു താരങ്ങളുടെയും കരിയറിലെ മികച്ച പ്രകടനങ്ങളാണെന്നും ചില പേജുകള്‍ അഭിപ്രായപ്പെടുന്നു. വ്യത്യസ്തമായ ഈ ഫാന്‍ ഫൈറ്റ് ഇതിനോടകം വൈറലായി മാറി.
Content Highlight: Mohanlal’s performance in Iruvar criticizing by Dulquer fans