മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വെറുമൊരു നടന്‍ എന്നതിലുപരി മലയാളസിനിമയുടെ അവിഭാജ്യഘടകം കൂടിയാണ് അദ്ദേഹം. സ്വഭാവികമായ അഭിനയശൈലി കൊണ്ട് ഓരോ സിനിമാപ്രേമികളുടെയും ഹൃദയം കവരാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓരോ മോഹന്‍ലാല്‍ ആരാധകര്‍ക്കും വളരെ സ്‌പെഷ്യലാണ്.
ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും സ്വന്തം പേരിലാക്കിയ മോഹന്‍ലാലിനെത്തേടി രാജ്യത്തെ പരമോന്നത സിനിമാപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും തേടിയെത്തി. എന്നാല്‍ ഇതിനെല്ലാം ഉപരി മറ്റൊരു രസകരമായ സംഗതിയാണ് പലരുടെയും ശ്രദ്ധ നേടുന്നത്. ഈ വര്‍ഷം മോഹന്‍ലാല്‍ സിനിമകളില്ലാത്ത മാസങ്ങള്‍ കുറവായിരുന്നു.
പുത്തന്‍ സിനിമകളും റീ റിലീസുകളും കൊണ്ട് എപ്പോഴും തിയേറ്റില്‍ മോഹന്‍ലാല്‍ നിറഞ്ഞുനിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്ലാതിരുന്നത് വെറും നാല് മാസം മാത്രമായിരുന്നു. ജനുവരി, ഫെബ്രുവരി, ജൂലൈ, നവംബര്‍ മാസങ്ങളിലായിരുന്നു മോഹന്‍ലാല്‍ സിനിമകള്‍ തിയേറ്ററില്ലാതിരുന്നത്. ഈ വര്‍ഷം മറ്റൊരു നടനും ഈ നേട്ടത്തിനടുത്ത് ഇല്ല എന്നതും ശ്രദ്ധേയമാണ്.
മാര്‍ച്ചില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ ഏപ്രില്‍ പകുതി വരെ തിയേറ്ററുകളെ നിറച്ചു. എമ്പുരാന്‍ നിര്‍ത്തിയിടത്ത് നിന്ന് ഷണ്മുഖനായി മോഹന്‍ലാല്‍ നിറഞ്ഞാടി. മെയ് പകുതി വരെ തുടരും തിയേറ്ററുകളെ ജന സാഗരമാക്കി. മെയ് 25ന് റീ റിലീസ് ചെയ്യുമെന്നറിയിച്ച ഛോട്ടാ മുംബൈ ജൂണിലേക്ക് റിലീസ് മാറ്റിയിരുന്നു.
ഒരു റീ റിലീസ് സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്വീകാര്യതയായിരുന്നു ഛോട്ടാ മുംബൈക്ക് ലഭിച്ചത്. തലയുടെ വരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി. ഒരു മാസത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തി. ഓണം റിലീസായെത്തിയ ഹൃദയപൂര്‍വവും ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഒക്ടോബറില്‍ മറ്റൊരു റീ റിലീസുമായിട്ടായിരുന്നു മോഹന്‍ലാലിന്റെ വരവ്. രഞ്ജിത് സംവിധായക കുപ്പായമണിഞ്ഞ രാവണപ്രഭു തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. നവംബറില്‍ റിലീസുകളൊന്നുമില്ലായിരുന്നെങ്കിലും ഡിസംബറില്‍ മോഹന്‍ലാല്‍ ചിത്രമുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. തെലുങ്ക് ചിത്രം വൃഷഭ ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോളിവുഡിനെ മോഹന്‍ലാല്‍ വുഡ് എന്ന് വിളിക്കാന്‍ പാകത്തിന് മാറ്റിയ തരത്തിലാണ് അദ്ദേഹം ഈ വര്‍ഷം തന്റെ പേരിലാക്കിയിരിക്കുന്നത്.
Content Highlight: Mohanlal’s movies filled theatres most of the months in this year