| Friday, 21st August 2026, 7:15 am

ഓണത്തിന് വന്ന ക്രിസ്മസ് അപ്പൂപ്പനാണോ ഇത്... തിയേറ്റര്‍ കത്തിച്ചെങ്കിലും മാമ്പറക്കല്‍ അഹമ്മദ് അലിയുടെ ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഓണം റിലീസില്‍ ഏറെ പ്രതീക്ഷയോടെ പലരും കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ഖലീഫ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കണ്ടുമടുത്ത കഥയില്‍ അത്യാവശ്യം നല്ല മേക്കിങ്ങിലൂടെ വാച്ചബിള്‍ അനുഭവമായി മാറ്റാന്‍ സംവിധായകന്‍ വൈശാഖിന് സാധിച്ചിട്ടുണ്ട്.

റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പൃഥ്വിരാജിന്റെ മുത്തശ്ശനായ മാമ്പറക്കല്‍ അഹമ്മദ് അലിയായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രം രണ്ടാം ഭാഗത്തിന് ലീഡ് നല്‍കിയാണ് അവസാനിക്കുന്നത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഇന്‍ട്രോയായിരുന്നു മോഹന്‍ലാലിന്റേത്.

സിനിമയിലുടനീളം മാമ്പറക്കല്‍ അഹമ്മദ് അലിയെക്കുറിച്ച് ചില കഥാപാത്രങ്ങള്‍ വലിയ ഹൈപ്പ് നല്‍കുന്നുണ്ട്. അതിനെ ശരിവെക്കുന്ന തരത്തിലുള്ള പേ ഓഫ് കഥാപാത്രത്തിന് നല്‍കാനും വൈശാഖിന് സാധിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ മോഹന്‍ലാലിന്റെ ലുക്കിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഒരുപാട് നരപ്പിച്ച്, കണ്ടാല്‍ ക്രിസ്മസ് അപ്പൂപ്പനെ പോലെയാക്കി വെച്ചിട്ടുണ്ടെന്നാണ് ചിലരുടെ കമന്റ്. പ്രസന്റ് പോര്‍ഷനില്‍ ഈ കഥാപാത്രത്തെ കൊണ്ടുവരാതെ ഫ്‌ളാഷ്ബാക്കിലൂടെ കഥാപാത്രത്തിന്റെ റേഞ്ച് കാണിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വന്‍ ഇന്‍ട്രോയും അതിനൊത്ത ഗ്യാങ്ങും കൈയിലുള്ള അഹമ്മദ് അലിയുടെ ലുക്ക് മാത്രം പാളിയെന്നും കമന്റുകളുണ്ട്.

‘ഓണത്തിന് ക്രിസ്മസ് അപ്പൂപ്പന്റെ കാമിയോ’, ‘തൂക്കുദുരൈ (വിശ്വാസം സിനിമയില്‍ അജിത്തിന്റെ കഥാപാത്രം) ഇന്‍ ഖലീഫ യൂണിവേഴ്‌സ്’, ‘ഇത് കൊച്ചിരാജാവില്‍ റിച്ചായ ഹരീശ്രീ അശോകനല്ലേ’ എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ ലുക്കിന് ലഭിക്കുന്ന കമന്റുകള്‍. മോഹന്‍ലാലിന്റെ ഗ്യാങ് മെമ്പറായ സൗബിന്റെ ലുക്ക് ചെഗുവേരയെപ്പോലെയുണ്ടെന്നും ചിലര്‍ ട്രോളുന്നുണ്ട്.

ലൂസിഫറില്‍ ഖുറേഷി അബ്രാമിന്റെ ഇന്‍ട്രോയെ അതേപടി കോപ്പി പേസ്റ്റ് ചെയ്ത സീന്‍ സെറ്റിങ്ങാണ് ഖലീഫയിലേതെന്നും വിമര്‍ശനമുണ്ട്. ഹെലികോപ്റ്റര്‍ ഇല്ല എന്ന ഒറ്റ വ്യത്യാസം മാത്രമേ ഉള്ളൂവെന്നും കാമിയോയുടെ പേരില്‍ ആളെപ്പറ്റിക്കുന്ന പരിപാടി ഇതോടെ നിര്‍ത്തണമെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ഇത്രയും വിമര്‍ശനം കേള്‍ക്കുന്നുണ്ടെങ്കിലും ഓണം സീസണില്‍ ഖലീഫ വന്‍ വിജയമാകുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

Content Highlight: Mohanlal’s look in Khalifa movie getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more