| Friday, 18th July 2025, 8:47 am

രണ്ടും മൂന്നും സ്ഥാനത്തുള്ള പൃഥ്വിയുടെയും മമ്മൂട്ടിയുടെയും കളക്ഷന്‍ കൂട്ടിയാലും തികയില്ല, ബോക്‌സ് ഓഫീസ് കിങ് മോഹന്‍ലാല്‍ തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പ്രധാനവേഷത്തിലെത്തിയ അവസാനത്തെ അഞ്ച് സിനിമകളുടെ കളക്ഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന മോഹന്‍ലാലാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് കാലമായി മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ ശോഭിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഈ വര്‍ഷം വെറും രണ്ട് സിനിമകള്‍ കൊണ്ട് നഷ്ടപ്പെട്ട തന്റെ സിംഹാസനം താരം തിരിച്ചുപിടിച്ചു. 100 കോടി കളക്ഷന്‍ പോലും നേടാനാകാത്ത പലരും ഇന്‍ഡസ്ട്രിയിലുള്ളപ്പോള്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി മാസ് കാണിക്കുകയായിരുന്നു മോഹന്‍ലാല്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളനടനും മോഹന്‍ലാല്‍ തന്നെയാണ്. 634 കോടിയാണ് കഴിഞ്ഞ ആറ് സിനിമകളുടെ കളക്ഷന്‍. എലോണ്‍, നേര്, മലൈക്കോട്ടൈ വാലിബന്‍, ബറോസ്, എമ്പുരാന്‍, തുടരും എന്നിവയാണ് ലിസ്റ്റിലെ ചിത്രങ്ങള്‍.

രണ്ടാം സ്ഥാനത്തുള്ള പൃഥ്വിരാജിന് 328 കോടിയാണുള്ളത്. കടുവ, തീര്‍പ്പ്, കാപ്പ, ആടുജീവിതം, ഗുരുവായൂരമ്പല നടയില്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പൃഥ്വിരാജ് ഇത്രയും വലിയ നേട്ടത്തിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള മമ്മൂട്ടിക്കാകട്ടെ 276 കോടിയാണുള്ളത്. കണ്ണൂര്‍ സ്‌ക്വാഡ്. കാതല്‍, ഭ്രമയുഗം, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ സിനിമകളുടെ ലിസ്റ്റ്.

ഫഹദ് ഫാസില്‍ നാലാമതും (225 കോടി), ടൊവിനോ തോമസ് (224 കോടി) എന്നിങ്ങനെയാണ് മറ്റ് നടന്മാരുടെ കളക്ഷന്‍. അന്യഭാഷാ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാല്‍ ദുല്‍ഖറിന്റെ സിനിമകള്‍ ഈ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. നസ്‌ലെന്‍, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരുടെ കളക്ഷന്‍ പട്ടികയും ഇതിലില്ല.

അഞ്ച് വര്‍ഷത്തെ ക്ഷീണം ഈയൊരൊറ്റ വര്‍ഷം കൊണ്ട് മോഹന്‍ലാല്‍ തീര്‍ത്തിരിക്കുകയാണ്. വന്‍ പ്രതീക്ഷയിലെത്തിയ പല സിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എമ്പുരാന്‍, തുടരും എന്നീ സിനിമകളിലൂടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡും തന്റം പേരിലാക്കാന്‍ താരത്തിന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറത്ത് നിന്ന് സ്വന്തമാക്കിയ കളക്ഷന്‍ മാത്രമാണ് ഇനി മോഹന്‍ലാലിന് മുന്നിലുള്ളത്.

സത്യന്‍ അന്തിക്കാടിനൊപ്പം കൈകോര്‍ക്കുന്ന ഹൃദയപൂര്‍വമാണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. ഫീല്‍ഗുഡ് ഫാമിലി ചിത്രവുമായി താരമെത്തുമ്പോള്‍ ഹാട്രിക് വിജയമാണ് പ്രതീക്ഷിക്കുന്നത്. സംഗീത, മാളവിക മോഹനന്‍ എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ സംഗീത് പ്രതാപും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് 28നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Mohanlal’s last six films collected more than 600 crores

We use cookies to give you the best possible experience. Learn more