മലയാളസിനിമയുടെ അഭിമാനതാരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലധികമായി ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളിലൊന്നായി നിലനില്‍ക്കുന്ന മോഹന്‍ലാല്‍ നടനായും താരമായും പ്രേക്ഷകരെ ഇപ്പോഴും വിസ്മയിപ്പിക്കുകയാണ്. സമീപകാലത്ത് സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും മോഹന്‍ലാല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ കേട്ട വിമര്‍ശനങ്ങളെയെല്ലാം 2025ല്‍ അദ്ദേഹം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കൈവിട്ടുപോയ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം മോഹന്‍ലാല്‍ തിരിച്ചുപിടിക്കുകയും തന്റെ സിംഹാസനം സ്വന്തമാക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്റേ പേരിലാക്കിയത്.
ഇപ്പോഴിതാ 2025ല്‍ കേരളത്തില്‍ നിന്ന് മാത്രം 250 കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. നാല് സിനിമകളിലൂടെയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഇതില്‍ ഒരു ഇന്‍ഡസ്ട്രി ഹിറ്റടക്കം ഉള്‍പ്പെടുന്നുണ്ട്. പൃഥ്വിരാജിനൊപ്പം കൈകോര്‍ത്ത എമ്പുരാനാണ് ലിസ്റ്റിലെ ആദ്യ ചിത്രം. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 265 കോടി നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 86 കോടി സ്വന്തമാക്കി.
എമ്പുരാന് പിന്നാലെയെത്തിയ തുടരും ഇന്‍ഡസ്ട്രിയിലെ സര്‍വകാല വിജയമായി. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാളചിത്രമായി മാറി. 118 കോടി കേരളത്തില്‍ നിന്ന് സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റ് ടാഗും തന്റെ പേരിലാക്കി.
18 വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലെത്തിയ ഛോട്ടാ മുംബൈക്കും വന്‍ വരവേല്പായിരുന്നു ലഭിച്ചത്. റീ റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. 3.62 കോടിയാണ് ചിത്രം രണ്ടാം വരവില്‍ സ്വന്തമാക്കിയത്. മലയാളത്തില്‍ ഈയടുത്ത് വന്ന ഏറ്റവും മികച്ച റീ റിലീസായി ഛോട്ടാ മുംബൈ മാറി.
11 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ഹൃദയപൂര്‍വവും വിജയം സ്വന്തമാക്കി. ഗംഭീര ട്വിസ്റ്റോ ആക്ഷനുകളോ ഇല്ലാതിരുന്നിട്ടും വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 75 കോടി ഹൃദയപൂര്‍വം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം 46 കോടിയാണ് ചിത്രം നേടിയത്. നാല് സിനിമകളുടെയും കേരള കളക്ഷന്‍ 250 കോടിയായപ്പോള്‍ മറ്റൊരു നടനുമില്ലാത്ത റെക്കോഡ് കൂടിയാണ് മോഹന്‍ലാല്‍ തന്റെ പേരിലാക്കിയത്. ദൃശ്യം 3യിലൂടെ മറ്റ് പല റെക്കോഡുകളും മലയാളത്തിന്റെ മോഹന്‍ലാല്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
Content Highlight: Mohanlal’s last four film collected 250 crores from Kerala only