| Monday, 4th May 2026, 11:19 am

ഇതിലും വലുത് നമ്മള്‍ കണ്ടിരിക്കുന്നു, പിന്നെയാ ഈ ചീള് പിള്ളേര്... ഈ ഡയലോഗും അത് കഴിഞ്ഞുള്ള ലാലേട്ടന്റെ അഴിഞ്ഞാട്ടവും, പേട്രിയറ്റിലെ മികച്ച രംഗങ്ങളിലൊന്ന്

അമര്‍നാഥ് എം.

മാസ് മസാല എന്റര്‍ടൈനര്‍ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയെന്നാണ് പേട്രിയറ്റിന് ലഭിച്ച പ്രധാന വിമര്‍ശനം. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം കണ്ടന്റും മേക്കിങ്ങും കൊണ്ട് മുന്നിലാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞു.

മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളെ കൈയില്‍ കിട്ടിയിട്ടും അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ മഹേഷിന് സാധിച്ചിട്ടില്ലെന്നാണ് സോ കോള്‍ഡ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇരു താരങ്ങളുടെയും സ്റ്റാര്‍ഡം ഒരു സീനില്‍ പോലും കൃത്യമായി കൊണ്ടുവരാത്ത മഹേഷ് നാരായണനെതിരെ ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ റേഞ്ച് വ്യക്തമാക്കുന്ന സീനുകള്‍ കൃത്യമായി പ്ലെയ്‌സ് ചെയ്യാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ആദ്യ കോമ്പിനേഷന്‍ സീന്‍ തന്നെ അതിനുദാഹരണമാണ്. മമ്മൂട്ടി അവതരിപ്പിച്ച ഡാനിയല്‍ എന്ന കഥാപാത്രത്തിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമ്പോള്‍ നാടുവിടാന്‍ വേണ്ടി അയാളെ സഹായിക്കുന്നത് മോഹന്‍ലാല്‍ അവതരിപ്പിച്ച റഹീം നായിക്കാണ്.

‘ഇത്തവണ നീ ഒറ്റക്കേ ഉള്ളൂ, സഹായിക്കാന്‍ എനിക്ക് പറ്റില്ല’ എന്ന് ഡാനി പറയുമ്പോള്‍ ‘ഇതിലും വലുത് നമ്മള്‍ കണ്ടിരിക്കുന്ന, പിന്നെയാ ഈ ചീള് പിള്ളേര്’ എന്ന് പറഞ്ഞ് റഹീം അയാളെ വീടിന് പുറത്തെത്തിക്കുകയാണ്. ഉറ്റ സുഹൃത്തിനെ രക്ഷിക്കാനായി പിന്നീട് ആ വീട്ടില്‍ ആരെയും നേരിടാന്‍ തയാറായിട്ടാണ് റഹീം നായിക് നില്‍ക്കുന്നത്.

ഡാനിയെത്തേടി അയാളുടെ വീട്ടിലെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാനായി ട്രാപ് സെറ്റ് ചെയ്ത് വെക്കുന്ന റഹീം നായിക്കിന്റെ രംഗങ്ങള്‍ അതിഗംഭീരമായാണ് മഹേഷ് നാരായണന്‍ ചിത്രീകരിച്ചത്. വിരമിച്ചതാണെങ്കിലും താന്‍ ഇപ്പോഴും ഒരു സോള്‍ജ്യറാണെന്ന് കാണിക്കുന്ന തരത്തില്‍ റഹീമിന്റെ ഗണ്‍ ഫയറിങ്ങെല്ലാം കൃത്യമായി പ്ലെയ്‌സ് ചെയ്തതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

ഒരാളെപ്പോലും വെറുതേ വിടാതെ റഹീം വീഴ്ത്തിയതും അതിന് ശേഷം തന്റെ സീനിയര്‍ ഉദ്യോഗസ്ഥനുമായുള്ള ഡയലോഗുമെല്ലാം ആ കഥാപാത്രം മുമ്പ് ആരായിരുന്നു എന്ന് പറയാതെ പറയുന്ന ഒന്നാണ്.

ഇരുവരുടെയും സ്റ്റാര്‍ഡം ഉപയോഗിച്ചില്ലെന്ന് ആരാധകര്‍ പരാതിപ്പെടുമ്പോഴും കഥക്ക് ചേരുന്ന രീതിയില്‍ സംവിധായകന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവതരിപ്പിച്ചു എന്ന് തന്നെ പറയാം. ഫഹദിന്റെ നരേഷനില്‍ മോഹന്‍ലാലിനെ കാണിക്കുന്ന സീന്‍ ഗംഭീരമായിരുന്നു. ഡാനിയും റഹീം നായികും തമ്മിലുള്ള റേഡിയോ കമ്മ്യൂണിക്കേഷന്‍ സീനില്‍ ഇരുവരുടെയും ബോണ്ട് കൃത്യമായി വരച്ചിടാന്‍ മഹേഷിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പെഗാസസ്, സഞ്ചാര്‍ സാഥി എന്നീ സോഫ്റ്റ്‌വെയറുകളെക്കുറിച്ചാണ് പേട്രിയറ്റ് സംസാരിക്കുന്നത്. തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ അതിന്റെ ഗൗരവം ചോരാതെ പറഞ്ഞ ചിത്രം വരുംകാലങ്ങളില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Mohanlal’s intro fight in Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more