| Thursday, 15th January 2026, 9:43 pm

ഈ വര്‍ഷത്തെ ആദ്യ റീ റിലീസ് ഇതാ പിടിച്ചോ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ നാളെ തിയേറ്ററുകളില്‍

ഐറിന്‍ മരിയ ആന്റണി

മോഹന്‍ലാല്‍, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിലാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ നാളെ വീണ്ടും തിയേറ്ററുകളിലേക്ക്. 79 തിയേറ്ററുകളിലായി ചിത്രത്തിന് റിലീസുണ്ട്. ഛോട്ടാ മുംബൈയുടെ റീ റിലീസിന് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് റണ്‍ ബേബി റണ്‍.

ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ ടെലിവിഷന്‍ ക്യാമറമാന്‍ വേണുവായാണ് മോഹന്‍ലാല്‍ എത്തിയത്. രേണുക എന്ന കഥാപാത്രമായാണ് അമല പോള്‍ എത്തിയത്.

സിനിമയില്‍ ബിജു മേനോന്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, അമീര്‍ നിയാസ്, അപര്‍ണ നായര്‍, കൃഷ്ണ കുമാര്‍, മിഥുന്‍ രമേശ്, വി കെ ബൈജു, അനില്‍ മുരളി, അനൂപ് ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ജിന്‍സ് വര്‍ഗീസ്, ബിജു പപ്പന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് സിനിമ നിര്‍മിച്ചത്. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തത് ശ്യാം ശശിധരനാണ്. രതീഷ് വേഗയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.

മോഹന്‍ലാല്‍ സിനിമകള്‍ ആഘോഷമാക്കുക എന്നത് മലയാളികളുടെ ശീലമാണ്. പോസിറ്റീവ് റിവ്യൂ ലഭിക്കുന്ന മോഹന്‍ലാല്‍ ചിത്രമെന്നത് മോളിവുഡിന്റെ മാക്സിമം കളക്ഷന്‍ എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ പരാജയമായി തീര്‍ന്ന ദേവദൂതന്‍ റീ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.

സ്ഫടികം, രാവണ പ്രഭു, ഛോട്ടാ മുബൈ തുടങ്ങിയ ചിത്രങ്ങളും റീ റിലീസ് തിയേറ്ററില്‍ പൂരപറമ്പാക്കിയ ചിത്രങ്ങളാണ്.

Content Highlight: Mohanlal’s film Run Baby Run to be re-released tomorrow

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more