| Saturday, 17th October 2026, 11:45 am

ആകെ കിട്ടിയത് രണ്ട് മിനിറ്റ്, അതില്‍ പകുതിയും ഡ്യൂപ്പായിരുന്നോ? ജയിലര്‍ 2ല്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി വേഷമിട്ട മിമിക്രി ആര്‍ട്ടിസ്റ്റിന്റെ പോസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

മൂന്ന് വര്‍ഷം മുമ്പ് എവിടെ നിര്‍ത്തിയോ അവിടുന്ന് ഡബിള്‍ ഡോസില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തന്റെ വേട്ട തുടങ്ങിയത് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് മുന്നേറുന്ന ജയിലര്‍ 2 ഇതിനോടകം 150 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ജയിലര്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളുമുണ്ടെങ്കിലും ആദ്യാവസാനം രജിനി എന്ന താരത്തിന്റെ ഔട്ട് ആന്‍ഡ് ഔട്ട് ഷോയായിരുന്നു ജയിലര്‍ 2. ആദ്യഭാഗത്തില്‍ ആവേശം സമ്മാനിച്ച അതിഥിവേഷങ്ങള്‍ ഇത്തവണയുമുണ്ട്. എന്നാല്‍ ട്രെയ്‌ലറിലടക്കം ഇംപാക്ടുണ്ടാക്കിയ മോഹന്‍ലാലിന്റെ അതിഥിവേഷം സിനിമയിലെത്തിയപ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞു.

രണ്ട് സീനിലുമായി ആകെ മൂന്ന് മിനിറ്റിനടുത്ത് സ്‌ക്രീന്‍ സ്‌പെയ്‌സ് മാത്രമേ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിനുണ്ടായിരുന്നുള്ളൂ. ട്രെയ്‌ലറില്‍ കാണിച്ച ഷോട്ടടക്കം പലതും നീക്കം ചെയ്‌തെന്ന് മോഹന്‍ലാലിന്റെ കോസ്റ്റിയൂം ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മോഹന്‍ലാലിന്റെ ആരാധകരില്‍ വലിയ അതൃപ്തിയാണ് ജയിലര്‍ 2 ഉണ്ടാക്കിയത്. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി വേഷമിട്ട ജോബി കൊടകര ലൊക്കേഷന്‍ ഫോട്ടോകള്‍ പങ്കുവെച്ചതോടെ മോഹന്‍ലാലിന്റെ സാന്നിധ്യം വീണ്ടും ചര്‍ച്ചയായി. ക്ലൈമാക്‌സിന് മുമ്പുള്ള സീനില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ലായിരുന്നു. താടി വടിച്ച സമയമായതിനാല്‍ വെപ്പ് താടി വെച്ചാണ് മോഹന്‍ലാല്‍ ഈ സീനില്‍ പ്രത്യക്ഷപ്പെട്ടത്. ക്ലോസപ്പ് ഷോട്ടില്‍ പോലും മോഹന്‍ലാലിന്റെ ഓറ ഫീല്‍ ചെയ്തിരുന്നില്ല.

ഇതോടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന് പകരം ജോബിയാണ് അഭിനയിച്ചതെന്നും വി.എഫ്.എക്‌സ് ഉപയോഗിച്ച് മാറ്റിയതായേക്കുമെന്നും പലരും കണക്കുകൂട്ടിയിരിക്കുകയാണ്. ഷൂട്ട് പൂര്‍ത്തിയായ ശേഷം പ്രധാനപ്പെട്ട ഒരു സീന്‍ റീഷൂട്ട് ചെയ്യേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ലൈമാക്‌സിലെ പല പോര്‍ഷനുകളും കാണുമ്പോള്‍ ക്ലൈമാക്‌സാകും റീഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്ന് പലരും അഭിപ്രായപ്പെടുകയാണ്.

എന്നാല്‍ മോഹന്‍ലാലിന്റെ മുഴുവന്‍ ഭാഗവും ചെയതത് ജോബിയായേക്കില്ലെന്നും ചില സജഷന്‍ ഷോട്ടുകള്‍ മാത്രമേ ജോബി ചെയ്തിട്ടുണ്ടാകുള്ളൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാലിന്റെ പോര്‍ഷന്‍ ഒഴിവാക്കിയെങ്കിലും ജയിലര്‍ 2നെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്ന് പറയാം. സംഗതി വിവാദമായതോടെ ജോബി തന്റെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഫോട്ടോസ് ഇതിനോടകം വൈറലായി.

Content Highlight: Mohanlal’s dupe post viral after Jailer 2 viral in cinema pages

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more