| Tuesday, 2nd December 2025, 9:06 pm

'യാ.. ഇറ്റ്‌സ് എ പാക്ക് അപ്പ്'...ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവ്; ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം മൂന്നാംഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മാതാവും മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്തുമായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സീ യൂ ഇന്‍ സിനിമാസ് എന്ന അടികുറിപ്പോടെ ഒരു വീഡിയോ ആണ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

വീഡിയോയില്‍ ജീത്തു ജോസഫ് ഓക്കെയാണ് എന്ന് പറയുമ്പോള്‍ അതിശയിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ കാണാം. പിന്നെ ക്രൂവിലുള്ള എല്ലാവരും കയ്യടിക്കുന്നത് കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് ‘ജോര്‍ജ് കുട്ടി കറക്റ്റാണോ’ എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ അവിടെ നിന്ന് എല്ലാം കറക്റ്റാണെന്ന് പറയുന്നുണ്ട്. എല്ലാവരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ടെന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്.

ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നത് വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അംഗങ്ങളും സന്തോഷവും പങ്കിടുന്നുണ്ട്. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായെന്ന വിവരം മാത്രമേ പുറത്ത് വന്നിട്ടുള്ളു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷനുകള്‍ പിന്നീട് ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മലയാള സിനിമയുടെ ബെഞ്ച് മാര്‍ക്കായി തീര്‍ന്ന ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായാണ് ദൃശ്യം 3 എത്തുന്നത്. മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ കെല്പുള്ള പ്രൊജക്ടായാണ് ദൃശ്യം 3യെ കണക്കാക്കുന്നത്.

Content Highlight: Mohanlal’s Drishyam 3 shooting completes

We use cookies to give you the best possible experience. Learn more