| Wednesday, 28th January 2026, 3:34 pm

എല്ല് പൊട്ടുന്ന ഇടി, പക്ഷേ വില്ലന്റെ ദേഹത്ത് തൊടില്ല: യോദ്ധ മുതല്‍ തുടരും വരെ പല സ്റ്റൈലില്‍ ലാലേട്ടന്റെ ഇടികള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ ചരിത്രത്തില്‍ ആരാധകര്‍ മോഹന്‍ലാലിനെ പോലെ ആഘോഷിച്ച മറ്റൊരു നടനുണ്ടാകില്ല. നാല്‍പ്പത്തിയഞ്ച് വര്‍ഷമായി തുടര്‍ന്ന് പോരുന്ന കരിയറില്‍ താരം അണിയാത്ത വേഷങ്ങള്‍ വിരളമാണ്. സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും സിനിമയിലെ ഓരോ ഭാവവ്യത്യാസങ്ങളും അതിന്റെ പരിപൂര്‍ണ്ണതയില്‍ മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍ വെള്ളിത്തിരയില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.

കംപ്ലീറ്റ് ആക്ടര്‍ എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മലയാള സിനിമയില്‍ സെപ്പറേറ്റ് ഫാന്‍ ബേസ് തന്നെയുണ്ട്. മുണ്ട് മടക്കി കുത്തി തന്റെ മീശ പിരിച്ച് നിവര്‍ന്ന് നിക്കുന്ന ലാലേട്ടനെ വെല്ലാന്‍ ഈ ദശാബ്ദങ്ങള്‍ക്കിടയില്‍ വന്നു പോയ മറ്റൊരു നടനും സാധിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാം. കോളേജ് കാലഘട്ടത്തില്‍ ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാമ്പ്യനായ താരത്തിന്റെ മെയ് വഴക്കം അഭിനയിച്ച ചിത്രങ്ങളിലും വ്യക്തമാണ്.

Photo: Comedy Time Malayalam

ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി ഒരുക്കി അടുത്തിടെ റിലീസായ മലയാള ചിത്രം ചത്താ പച്ചയുമായി ബന്ധപ്പെട്ട് ലാലേട്ടന്റെ 1985 ല്‍ പുറത്തിറങ്ങിയ ജീവന്റെ ജീവന്‍ എന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ റിങ് റെസലിങ് സീനില്‍ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ വീണ്ടും വൈറലായതോടെയാണ് ലാലേട്ടന്റെ കരിയറില്‍ ചെയ്ത് ഫലിപ്പിച്ച ആക്ഷന്‍ കഥാപാത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തിലെയും തമിഴിലെയും മുന്‍നിര ചിത്രങ്ങളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച ത്യാഗരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളാണ് മോഹന്‍ലാല്‍. കരിയറിന്റെ തുടക്കകാലത്ത് ചെയ്ത മൂന്നാം മുറ, യോദ്ധ തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം തുടരും വരെ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളിലുള്ള ആധിപത്യം വ്യക്തമാണ്.

യോദ്ധയില്‍ കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ട് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന തളിപ്പറമ്പില്‍ അശോകനായെത്തുന്ന താരം ക്ലൈമാക്‌സ് രംഗങ്ങളിലടക്കം വളരെ കണ്‍വിന്‍സിങ്ങ് ആയാണ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം അന്ധനാണ് എന്ന വസ്തുതയും പ്രേക്ഷകരിലേക്ക് കൈമാറാന്‍ കഴിയുന്നിടത്താണ് ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ വിജയിക്കുന്നത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സിബി മലയിലിന്റെ സംവിധാനത്തില്‍ പിറന്ന ചെങ്കോലിലെ സംഘട്ടനരംഗം. തൊണ്ണൂറുകളില്‍ പ്രചാരത്തിലിരുന്ന നാടകീയത നിറഞ്ഞ പതിവ് സംഘട്ടനരംഗത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു ചെങ്കോലില്‍ കണ്ടത്. മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച റിയലിസ്റ്റിക് ആക്ഷന്‍ സീനുകളിലൊന്നായിരുന്നു കവലയില്‍ വെച്ച് കുണ്ടറ ജോണി അവതരിപ്പിച്ച പരമേശ്വരനെ അടിച്ച് വീഴ്ത്തുന്ന രംഗം. യോദ്ധയിലെയോ മൂന്നാം മുറയിലെയോ ആക്ഷന്‍ സീനുകളുടെ യാതൊരു വിധ ആവര്‍ത്തനവും വരാതെയാണ് മോഹന്‍ലാല്‍ പെര്‍ഫോം ചെയ്തത്.

Photo: Reddit

വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവിലെ സിദ്ദിഖുമായിട്ടുള്ള ഫൈറ്റ് സീന്‍ കൊറിയോഗ്രാഫി ചെയ്താണ് താരം മലയാള സിനിമയിലെ സംഘട്ടന സംവിധാന രംഗത്ത് തന്റെ കൈയ്യൊപ്പ് പതിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം റീ റിലാസായി ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ പുതിയ തലമുറയിലെ പ്രേക്ഷകരെയും ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിച്ചതും ഈ രംഗം തന്നെ.

യോദ്ധക്ക് സമാനമായി മോഹന്‍ലാല്‍ അന്ധനായി എത്തിയ ചിത്രമായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം. അന്ധനായ ജയരാമനായി എത്തിയ മോഹന്‍ലാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നടത്തുന്ന ഫൈറ്റ് താരത്തിന്റെ കരിയറിലെ അണ്ടര്‍റേറ്റഡ് പ്രകടനങ്ങളിലൊന്നാണ്. ചിത്രത്തില്‍ കളരി അഭ്യസിച്ച കഥാപാത്രമായ ജയരാമനെ അതേ പെര്‍ഫക്ഷനോടെയാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത് എന്നതില്‍ രണ്ടഭിപ്രായമില്ല.

ദശാബ്ദങ്ങളായി ലാലേട്ടന്‍ ചെയ്തുവെച്ച ആക്ഷന്‍ രംഗങ്ങളുടെ ഒരു ഓര്‍മ പുതുക്കലായിരുന്നു തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരുമിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീന്‍. മോഹന്‍ലാല്‍ എന്ന നടന്റെ എല്ലാ വിധ കൊമേഷ്യല്‍ ഘടകങ്ങളും മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സീനില്‍ ഫാന്‍ബോയ് ആയ സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാം ഇടയില്‍ വൈറലായ ഡയലോഗാണ് ‘ഇടിയെന്ന് പറഞ്ഞാല്‍ മോഹന്‍ലാലിന്റെ ഇടി’ എന്നത്. സിനിമയില്‍ താരത്തിന്റെ സംഘട്ടനരംഘങ്ങള്‍ നല്‍കുന്ന പോലെ സാറ്റിസ്ഫാക്ഷന്‍ നല്‍കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനും സാധിക്കില്ലെന്ന് പൊതുവേ അടക്കം പറച്ചിലുണ്ട്. അത്രയധികം ഇംപാക്ടാണ് ബിഗ്‌സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ ഓരോ ഇടിയും നല്‍കുന്നത്.

ക്വിന്റല്‍ വെയിറ്റില്‍ വരുന്ന ഇടി, എന്നാല്‍ കൂടെ അഭിനയിക്കുന്ന ഒരു സഹതാരത്തെയും വേദനിപ്പിക്കില്ല എന്നതാണ് ഒരു അഭിനേതാവെന്ന നിലയില്‍ താരത്തിന്റെ ഗ്രാഫ് വര്‍ദ്ധിപ്പിക്കുന്നത്. ചെറുവിരല്‍ പോലും ദേഹത്ത് സ്പര്‍ശിക്കില്ലെന്ന് മാത്രമല്ല ആക്ഷന്‍ രംഗങ്ങള്‍ക്കിടയില്‍ സഹ അഭിനേതാക്കളോട് വിനയത്തോടെ പെരുമാറുന്ന താരം ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിന് ശേഷം സഹതാരങ്ങളെ തൊട്ട് വണങ്ങുന്ന വീഡിയോയും സമീപകാലത്ത് വൈറലായിരുന്നു.

Content Highlight: Mohanlal’s dominance in action sequence in Malayalam cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more