| Wednesday, 27th May 2026, 5:50 pm

ദൃശ്യം 3 യിൽ ആകെയുള്ള പോരായ്മ ജോർജ് കുട്ടിയുടെ രുപം; ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മോഹൻലാൽ നായകനായി എത്തിയ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വലിയ വിജയമായി മുന്നേറുമ്പോഴും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ജോർജുകുട്ടിയുടെ രൂപഭാവമാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയെയും ട്വിസ്റ്റുകളെയും പ്രശംസിക്കുന്ന പ്രേക്ഷകർ, കഥാപാത്രത്തിന്റെ പ്രായവും മാനസികാവസ്ഥയും പരിഗണിക്കുമ്പോൾ ലുക്കിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്.

ആദ്യ ഭാഗത്തിൽ തന്നെ ജോർജുകുട്ടിക്ക് ഏകദേശം 40 മുതൽ 45 വരെ പ്രായമുണ്ടായിരുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. മൂത്ത മകൾ അഞ്ജുവിന് 17 വയസ് പ്രായമുണ്ടായിരുന്ന സാഹചര്യത്തിൽ, ‘ദൃശ്യം 3’യിലെ ടൈംലൈനിൽ ജോർജുകുട്ടിക്ക് 55 വയസിന് മുകളിൽ പ്രായമുണ്ടാകണമെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ. എന്നാൽ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് വലിയ പ്രായവ്യത്യാസം പ്രകടമാകുന്നില്ലെന്നാണ് ചിലരുടെ വിമർശനം.

പ്രായം മാത്രമല്ല, ജോർജുകുട്ടി വർഷങ്ങളായി അനുഭവിക്കുന്ന മാനസിക സമ്മർദവും ചർച്ചയാകുന്നുണ്ട്. വരുൺ കേസിന് ശേഷം ഭയം, കുറ്റബോധം, ഉറക്കമില്ലായ്മ, കുടുംബത്തെ സംരക്ഷിക്കാനുള്ള സമ്മർദം എന്നിവയൊക്കെ ജോർജുകുട്ടിയുടെ ജീവിതത്തെ ബാധിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളിൽ സ്വാഭാവികമായും നരയും ക്ഷീണവും പ്രകടമാകുമെന്ന അഭിപ്രായമാണ് ഉയരുന്നത്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കെല്ലാം പ്രായത്തിന്റെ അടയാളങ്ങൾ വ്യക്തമായിരുന്നുവെന്നും, അതിനേക്കാൾ കൂടുതൽ മാനസിക സമ്മർദം നേരിടുന്ന ജോർജുകുട്ടിയിൽ അത്തരം മാറ്റങ്ങൾ കുറവായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ദൃശ്യം 3, Photo: IMDb

റാണിയുടെ കഥാപാത്രത്തെ കുറിച്ചും ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ജോർജുകുട്ടിയുടെ അവസ്ഥയോട് താരതമ്യം ചെയ്യുമ്പോൾ അവർക്കുള്ള മാനസിക ഭാരം കുറവാണെന്നാണ് ആരാധകർ പറയുന്നത്.

കുടുംബത്തിന്റെ മുഴുവൻ രഹസ്യങ്ങളും ഉത്തരവാദിത്വവും ഒറ്റയ്ക്ക് ചുമക്കുന്നത് ജോർജുകുട്ടിയാണെന്നും, അതിന്റെ ആഘാതം അദ്ദേഹത്തിന്റെ രൂപത്തിലും പെരുമാറ്റത്തിലും കൂടുതൽ പ്രകടമാകേണ്ടതുണ്ടായിരുന്നുവെന്നുമാണ് ചർച്ചകൾ.

അതേസമയം, ചിത്രത്തിന്റെ കഥയെയും അഭിനയത്തെയും പ്രശംസിക്കുന്ന പ്രേക്ഷകർ, അടുത്ത ഭാഗത്തിൽ കൂടുതൽ പ്രായം തോന്നിക്കുന്ന, നരയുള്ള ഒരു ജോർജുകുട്ടി ലുക്കിൽ മോഹൻലാലിനെ കാണാനാകുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നു.

Content Highlight: Mohanlal’s character in Drishyam 3 is a hot topic on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more