| Wednesday, 18th February 2026, 3:33 pm

അതിന്റെ ഇടയില്‍ കൂടെ, ഒരു ശകലം മാറിനിന്നാല്‍ ഞങ്ങള്‍ക്ക് പോകാം; എസ്.എന്‍ സ്വാമിയോടുള്ള പെരുമാറ്റത്തില്‍ മോഹന്‍ലാലിന് വിമര്‍ശനം

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ ത്രില്ലര്‍ ഴോണര്‍ സിനിമകള്‍ക്ക് പുതിയ രൂപം നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമാണ് എസ്.എന്‍ സ്വാമി. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐ, മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത ശിവറാം നാരായണ്‍ സ്വാമി എന്ന എസ്.എന്‍ സ്വാമി മലയാളികള്‍ എന്നും ബഹുമാനത്തോടെ നോക്കികാണുന്ന വ്യക്തിത്വമാണ്.

കഴിഞ്ഞ ദിവസം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രതിഛായയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സൂപ്പര്‍താരം മോഹന്‍ലാല്‍ എസ്.എന്‍ സ്വാമിയോട് പെരുമാറിയ രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിനിമാ ആസ്വാദകരുടെ വിമര്‍ശനത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോയും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

എസ്.എന്‍ സ്വാമി. Photo: ETV Bharath

പരിപാടിക്ക് ശേഷം തിരക്കിട്ട് മടങ്ങുന്ന മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ഇവര്‍ക്ക് വഴിയൊരുക്കുന്ന ബൗണ്‍സര്‍മാരെയും വീഡിയോയില്‍ കാണാം. ഇടക്ക് വെച്ച് മോഹന്‍ലാലിന് മുമ്പിലേക്ക് എസ്.എന്‍ സ്വാമി കടന്നുവരുന്നതും പ്രായമായതിനാല്‍ വളരെ പ്രയാസപ്പെട്ട് പടികള്‍ ഇറങ്ങുന്നതും കാണാം. ഇതുകാരണം തിരക്കിട്ട് പോകുകയായിരുന്ന മോഹന്‍ലാലിന് വേഗത കുറക്കേണ്ടി വരുന്നുണ്ട്. തുടര്‍ന്ന് പറഞ്ഞ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

‘അതിന്റെ ഇടയില്‍ കൂടെ, ഒരു ശകലം മാറിനിന്നാല്‍ ഞങ്ങള്‍ക്ക് പോകാം’ എന്ന് മോഹന്‍ലാല്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഇത് കേട്ടയുടനെ എസ്.എന്‍ സ്വാമി ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്‍വലിഞ്ഞ് പിറകോട്ട് നടക്കുന്നുണ്ട്.

ഇതോടെ ഫേസ്ബുക്കിലെ സിനിമാപേജുകളില്‍ പലയിടത്തും താരത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് അനുഭവിക്കുന്ന സൂപ്പര്‍താര പദവി നല്‍കിയത് എസ്.എന്‍ സ്വാമിയാണെന്നും താരത്തിന്റെ കരിയറിലെ ഐക്കോണിക് കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കിയും, മൂന്നാം മുറയും ബാബ കല്ല്യാണിയുമെല്ലാം നല്‍കിയ തിരക്കഥാകൃത്തിനോട് ഇത്തരത്തില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചത് ശരിയായില്ലെന്നും കമന്റുകളുണ്ട്.

Photo: Wikipedia

അതേസമയം താരത്തെ പിന്തുണച്ചും ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടക്കുന്നതിനടിയില്‍ മുഖത്തേക്ക് ക്യാമറ കൊണ്ടുവന്നയാളോടാണ് അതിന്റെ ഇടയില്‍ കൂടെ എന്ന് പറഞ്ഞതെന്നും അത്രയും തിരക്കിനിടയില്‍ നിന്നും പുറത്തിറങ്ങാനുള്ള ധൃതിയിലാണ് താരം അങ്ങനെ പറഞ്ഞതെന്നും ബഹുമാനക്കേട് കാണിച്ചതല്ലെന്നും വാദിക്കുന്നവരുണ്ട്.

Content Highlight: Mohanlal’s behavior towards screenwriter SN Swamy gets criticized on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more