| Sunday, 23rd August 2026, 9:52 am

കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ജിനുവേ.... ഖലീഫയില്‍ പൃഥ്വിരാജിന്റെ മുത്തശ്ശനായ മോഹന്‍ലാലിന് 95 വയസാണെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

വന്‍ ഹൈപ്പില്‍ പ്രേക്ഷകരിലേക്കെത്തി സമ്മിശ്ര പ്രതികരണം നേടുകയാണ് പൃഥ്വിരാജ് നായകനായ ഖലീഫ. വൈശാഖ് അണിയിച്ചൊരുക്കിയ ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ റിലീസിന് മുമ്പുള്ള ഹൈപ്പ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. കണ്ടുമടുത്ത കഥയെ മേക്കിങ്ങിലൂടെ വാച്ചബിള്‍ എക്‌സ്പീരിയന്‍സാക്കി മാറ്റാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പുയര്‍ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഖലീഫയില്‍ വേഷമിട്ടത്. അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രം തിയേറ്ററുകളെ ഇളക്കിമറിച്ചു. പൃഥ്വിരാജിന്റെ മുത്തശ്ശനായി മോഹന്‍ലാല്‍ വേഷമിട്ട പോര്‍ഷനുകളാണ് ഖലീഫയിലെ പീക്ക് പോയിന്റ്.

മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡം പരമാവധി ഉപയോഗിക്കുന്ന തരത്തിലാണ് വൈശാഖ് അഹമ്മദ് അലിയുടെ ഇന്‍ട്രോ സെറ്റ് ചെയ്തത്. ലൂസിഫര്‍ ടെയ്ല്‍ എന്‍ഡിന്റെ കോപ്പിയടിയാണെങ്കിലും മികച്ച രീതിയില്‍ ഈ സീന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ലുക്കും സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതോടൊപ്പം അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ പ്രായവും ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി വേഷമിട്ടത് രണ്‍ജി പണിക്കറാണ്. ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സീനുകളൊന്നുമില്ലെങ്കിലും അഹമ്മദ് അലിയെക്കുറിച്ച് മകന്‍ യൂനസ് അലി ചെറുതായി വിശേഷിപ്പിക്കുന്നുണ്ട്. തന്റെ 16ാമത്തെ വയസിലാണ് അച്ഛന്‍ തന്നെ വിട്ടിട്ട് പോയതെന്ന് യൂനസ് അലി പറയുന്നുണ്ട്. എന്നാല്‍ ഖലീഫയില്‍ രണ്‍ജി പണിക്കരുടെ കഥാപാത്രത്തിന് 50 വയസിന് മേലെ പ്രായമുണ്ട്.

രണ്‍ജി പണിക്കരുടെ മകനായി വേഷമിട്ട പൃഥ്വിരാജിന് സിനിമയുടെ അവസാനമാകുമ്പോള്‍ 45 വയസിനടുത്താകും ഏകദേശം പ്രായം. പൃഥ്വിരാജിന്റെ മുത്തശ്ശന് അങ്ങനെയെങ്കില്‍ 90 വയസിന് മേലെ വയസുണ്ടാകുമെന്നും എന്നാല്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രായമായെന്ന് കാണിക്കാന്‍ മോഹന്‍ലാലിന്റെ താടിയും മീശയും നരയിട്ടിട്ടുണ്ട്. എന്നാല്‍ നര കൂടിയതുകൊണ്ട് ക്രിസ്മസ് അപ്പൂപ്പനെ പോലെയുണ്ടെന്നാണ് കമന്റുകള്‍.

രണ്‍ജി പണിക്കരുടെ യൂനസ് അലിക്ക് രണ്ട് വയസാകുമ്പോള്‍ അഹമ്മദ് അലി നാടുവിട്ട് പോയതായി കാണിച്ചിരുന്നെങ്കില്‍ പ്രായത്തിന്റെ കാര്യം കുറച്ചധികം കണ്‍വിന്‍സായേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതും പോരാതെ അഹമ്മദ് അലി എന്ന കഥാപാത്രം 22 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞെന്ന ഡയലോഗും പ്രേക്ഷകര്‍ക്ക് ദഹിച്ചില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Mohanlal’s age in Khalifa movie discussing after movie release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more