| Tuesday, 11th August 2026, 7:08 am

അപ്പു കാം ആണ്, മായ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുകൂട്ടും: മക്കളെ കുറിച്ച് മോഹൻലാൽ

നന്ദന. ടി

മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ മക്കൾ എന്ന നിലയിൽ പ്രണവിനും വിസ്മയയ്ക്കും വലിയ പൊതുശ്രദ്ധ ലഭിച്ചിട്ടുണ്ട്. എന്നാൽ മക്കളുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകി, അവർക്കിഷ്ടമുള്ള യാത്രകളും എഴുത്തും അടക്കമുള്ള വഴികളിലൂടെ സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കളാണ് മോഹൻലാലും ഭാര്യ സുചിത്രയും. പ്രണവിന് പിന്നാലെ വിസ്മയയും ഇപ്പോൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

മോഹൻലാൽ. Photo. Screen grab/ Youtube

വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മകളോടൊപ്പം മോഹൻലാൽ നൽകിയ അഭിമുഖങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. അതിനിടെ, ആശീർവാദ് സിനിമാസിന്  നൽകിയ അഭിമുഖത്തിൽ മക്കളുടെ സ്വഭാവസവിശേഷതകളെ കുറിച്ചും സ്വന്തം ജീവിതരീതിയെ കുറിച്ചും മോഹൻലാൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ മകനായ പ്രണവ് വളരെ ശാന്തസ്വഭാവക്കാരനാണെന്നും, എന്നാൽ മകൾ വിസ്മയ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുന്ന കൂട്ടത്തിലാണെന്നും പറയുകയാണ് മോഹൻലാൽ. പഴയ കാര്യങ്ങൾ മറന്ന് പുതിയ ചിന്തകൾ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ആളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.

‘അപ്പു ( പ്രണവ് ) വളരെ കാം ആയിട്ടുള്ള ഒരാളാണ്. മായ കുറച്ച് കൂടുതൽ ചിന്തിക്കും. ആ ചിന്തിക്കുന്നതാണെങ്കിൽ ആവശ്യമില്ലാത്ത കാര്യങ്ങളുമാവും. ശരിക്കും അങ്ങനെയല്ല വേണ്ടത്. കാരണം നമ്മുടെ മനസിലൂടെ കടന്നുപോകുന്ന ചിന്തകൾ പലപ്പോഴും ഇന്നലത്തേതോ മിനിഞ്ഞാന്നത്തേതോ, അല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ ചിലപ്പോൾ പത്തു വർഷം മുമ്പൊക്കെയുള്ള കാര്യങ്ങളായിരിക്കും.

അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അതിനെ നമ്മൾ ഡിലീറ്റ് ചെയ്തിട്ട് പുതിയ കാര്യങ്ങൾ കൊണ്ടുവരിക എന്നതാവണം നമ്മൾ സ്വീകരിക്കേണ്ട രീതി. ഞാൻ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അത് മക്കൾക്കും ശ്രമിച്ചു നോക്കാവുന്ന ഒരു കാര്യമാണ്,’ മോഹൻലാൽ പറഞ്ഞു.

ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതിരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, ആ ഒരു കഴിവ് വളർത്തിയെടുക്കുക എന്നത് ഓരോ മനുഷ്യരുടെയും ബുദ്ധിയെ അടിസ്ഥാനമാക്കിയാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു

‘ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതിരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ആ ശീലം നമ്മളിൽ വളർത്താൻ ശ്രമിക്കുക, കാരണം അങ്ങനെയെങ്കിൽ മാത്രമേ നമുക്ക് വർത്തമാനകാലത്തിൽ ജീവിക്കാൻ പറ്റൂ. പ്രത്യേകിച്ച് ഒരു അഭിനേതാവിന് അത് അത്യാവശ്യമാണ്.

പല സമയങ്ങളിലും ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുകയും പറയുമ്പോഴുമാണ് നമ്മുടെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡ് ആകുന്നത്. നമുക്ക് വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞാലും ചിന്തിച്ചാലും പോരേ എന്നൊരു ചോദ്യം മനസിൽ എപ്പോഴും ചോദിക്കണം. ഈയൊരു സ്കിൽ എങ്ങനെ വളർത്തിയെടുക്കും എന്നത് ഓരോരുത്തരുടെയും ബുദ്ധിയാണ്,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ കുടുംബത്തോടൊപ്പം. Photo. The Indian Express

Content Highlight: Mohanlal reflects on the character traits of Pranav and Vismaya

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more