| Sunday, 21st June 2026, 10:09 pm

സംവിധാനം ചെയ്യുന്ന നാലാം പടത്തിലും ഹീറോ മോഹന്‍ലാല്‍ തന്നെ... നിര്‍മാണം മഞ്ജു വാര്യറും ഇന്ദ്രജിത്തും, കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ലോഡിങ്

അമര്‍നാഥ് എം.

ക്യാമറക്ക് മുന്നില്‍ മാത്രമല്ല, പിന്നില്‍ നിന്നും തനിക്ക് വിസ്മയിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ സിനിമാലോകത്തെ ഞെട്ടിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. ആ വര്‍ഷത്തെ ഇയര്‍ ടോപ്പറും ലൂസിഫറായിരുന്നു. ഇഷ്ടനടനെ എങ്ങനെ അവതരിപ്പിക്കണമെന്ന് പൃഥ്വി ലൂസിഫറിലൂടെ കാണിച്ചുതന്നു.

ലൂസിഫറിന് ശേഷം ഇരുവരുമൊന്നിച്ച ബ്രോ ഡാഡിയിലും എമ്പുരാനിലും മോഹന്‍ലാല്‍- പൃഥ്വി കോമ്പോ ആരാധകര്‍ ഏറ്റെടുത്തു. എമ്പുരാന്‍ പ്രതീക്ഷക്കൊത്ത് വന്നില്ലെങ്കിലും ചിത്രത്തിന് അടുത്ത ഭാഗമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി അറിയിച്ചിരുന്നു. അസ്രയേല്‍ എന്നാണ് ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര്.

ഇപ്പോഴിതാ അസ്രയേലിന് മുമ്പ് പൃഥ്വിരാജ് സംവിധായക കുപ്പായമണിയുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ തന്നെയായിരിക്കും ഈ പ്രൊജക്ടിലും നായകനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപാട് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമുള്ള ചിത്രമാണ് അസ്രയേല്‍. അതിനാല്‍ തന്നെ അടുത്ത വര്‍ഷമേ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയുള്ളൂവെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രോ ഡാഡി പോലെ കളര്‍ഫുള്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം. മഞ്ജു വാര്യറും ഇന്ദ്രജിത്തും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. എമ്പുരാന് മുമ്പ് ബ്രോ ഡാഡി വന്നതുപോലെ അസ്രയേലിന് മുമ്പ് ഈ പ്രൊജക്ടും വരുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രത്തെക്കുറിച്ചുള്ള ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വരുംദിവസങ്ങളില്‍ പുറത്തുവിട്ടേക്കും.

നിലവില്‍ ഖലീഫയുടെ അവസാനഘട്ട ഷൂട്ടിലാണ് പൃഥ്വിരാജ്. ഖലീഫക്ക് ശേഷം രാഹുല്‍ സദാശിവനൊപ്പമുള്ള ഒടിയന്റെ തിരക്കിലേക്ക് താരം കടക്കും. അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ കൊണ്ട് ഹൈപ്പിന്റെ കൊടുമുടി കയറിയ ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന് കൈപൊള്ളിയ കഥ പൃഥ്വി ഗംഭീരമാക്കുമെന്നാണ് പലരും കരുതുന്നത്. സന്തോഷ് ട്രോഫി ഒഴിവാക്കിയിട്ടാണ് പൃഥ്വി ഒടിയന്‍ തെരഞ്ഞെടുത്തത്.

രണ്ട് മാസം കൊണ്ട് ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം വാരണാസിയുടെ ബാക്കി പോര്‍ഷനുകളിലേക്ക് പൃഥ്വി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറോടെ അഭിനയിക്കുന്ന പ്രൊജക്ടുകളെല്ലാം താരം പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷമാകും സംവിധാനത്തിലേക്ക് തിരിച്ചെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Mohanlal Prithviraj combo reunites for fourth time

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more