| Saturday, 13th June 2026, 2:42 pm

ഡോണും വലംകൈയും, അപ്പനും മോനും, മുത്തശ്ശനും കൊച്ചുമകനും.... ഓരോ തവണ ഒന്നിക്കുമ്പോഴും ഈ കോമ്പോ വെറൈറ്റിയാ

അമര്‍നാഥ് എം.

2010ന് ശേഷം മോഹന്‍ലാലിലെ നടനെയും താരത്തെയും എങ്ങനെ ഉപയോഗിക്കണമെന്ന് സിനിമാലോകത്തിന് കാണിച്ചുകൊടുത്തയാളാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭത്തിലൂടെ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. ഫാന്‍ ബോയ് എന്ന നിലയില്‍ ഇഷ്ടനടനെ ഏറ്റവും ഗംഭീരമായി അയാള്‍ അവതരിപ്പിക്കുകയും ചെയ്തു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോ ആരാധകരില്‍ ആവേശം സൃഷ്ടിച്ചിരുന്നു. എമ്പുരാന്‍ ചെറുതായി നിരാശപ്പെടുത്തിയെങ്കിലും ചിത്രത്തിന്റെ മേക്കിങ് അതിഗംഭീരമായിരുന്നു. എമ്പുരാന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

പൃഥ്വി- മോഹന്‍ലാല്‍ കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഖലീഫ. നാല് സിനിമയിലും ഇരുവരും തമ്മിലുള്ള ബോണ്ട് വ്യത്യസ്തമാണെന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ വലംകൈയായ സയേദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. അധോലോക നായകന്റെ വലംകൈയാണ് സയേദ് എന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍ എമ്പുരാനില്‍ ഇവര്‍ തമ്മിലുള്ള ബന്ധം എത്രമാത്രം വലുതാണെന്ന് വരച്ചിടുന്നുണ്ട്. സയേദിനെ തന്റെ സഹോദരനെപ്പോലെയാണ് ഖുറേഷി കാണുന്നതെന്ന് ഒരൊറ്റ ഷോട്ടിലൂടെ കണ്‍വേ ചെയ്യുന്നുണ്ട്. ‘ഭായ്ജാന്‍’ എന്ന സയേദിന്റെ വിളിയില്‍ ആ സാഹോദര്യം വരച്ചിടുന്നുണ്ട്. മോഹന്‍ലാല്‍- പൃഥ്വി കോമ്പോ രണ്ടാമതൊന്നിച്ച ബ്രോ ഡാഡിയില്‍ ഈ കോമ്പോ വ്യത്യസ്തമാണ്.

അച്ഛനും മകനുമായി ഇരുവരും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ഫ്രഷ് ഫീല്‍ സമ്മാനിച്ചു. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിയും വേഷമിട്ടപ്പോള്‍ നല്ലൊരു സിനിമാനുഭവമായി ബ്രോ ഡാഡി മാറി. ഇപ്പോഴിതാ ഖലീഫയിലേക്കെത്തിയപ്പോള്‍ ഈ കോമ്പോ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ്.

ലണ്ടന്‍, ദുബായ്, ഇന്ത്യ എന്നിവിടങ്ങളില്‍ സ്വര്‍ണക്കടത്ത് നെക്‌സസിന്റെ തലവനായ മാമ്പറക്കല്‍ അമീര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആര്‍ക്കും തോല്പിക്കാനാകാത്ത അമീറിന്റെ മുത്തശ്ശനാണ് മാമ്പറക്കല്‍ അഹമ്മദ് അലി. ഇന്ദിരാ ഗാന്ധി വിചാരിച്ചിട്ട് പോലും തോല്പിക്കാനാകാത്ത അഹമ്മദ് അലിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്. ഖലീഫയുടെ രണ്ടാം ഭാഗം മോഹന്‍ലാലിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന സിനിമകള്‍ ഗംഭീരമാണെന്നും വരുംകാലത്ത് ഇരുവരും നേര്‍ക്ക് നേര്‍ നിന്ന് പോരാടുന്ന തരത്തില്‍ ഗംഭീര സബ്‌ജെക്ട് ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ വന്‍ സംഭവമാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Mohanlal Prithviraj combo in Khalifa and Other movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more