| Thursday, 6th August 2026, 9:14 pm

ഞാൻ നടൻ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവോ സൗന്ദര്യമോ എനിക്കുണ്ടായിരുന്നില്ല: മോഹൻലാൽ

അജ്മല്‍ കെ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം ഇപ്പോൾ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശനത്തെക്കുറിച്ചും മക്കൾക്ക് നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ചും തുറന്നുപറയുകയാണ്. വിസ്മയയുടെ ആദ്യ ചിത്രമായ ‘തുടക്കം’ റിലീസിന് മുന്നോടിയായി അമൃത ടീവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാൻ സിനിമയിലേക്ക് വന്ന കാലത്ത് അഭിനയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരുപാട് പേർ മദ്രാസിൽ പോയി ശ്രമിച്ചിട്ടും വിജയിക്കാതെ മടങ്ങി വന്നിരുന്നു. അങ്ങനെയൊരു സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ എന്റെ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. അച്ഛൻ ഡിഗ്രി പൂർത്തിയാക്കി ഒരു ജോലി നേടണമെന്നായിരുന്നു ആഗ്രഹിച്ചത്.

എന്നിട്ടും അവർ എനിക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ ബി.കോം പാസായ വിവരം പോലും അറിയുന്നത്,’ മോഹൻലാൽ പറഞ്ഞു.

വിസ്മയ.Photo: Facebook.com

‘ഞാനോ എന്റെ മാതാപിതാക്കളോ ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അന്ന് നടനാകാൻ വേണ്ട കഴിവോ സൗന്ദര്യമോ എനിക്കുണ്ടെന്ന് പോലും തോന്നിയിരുന്നില്ല. എന്തോ ഒരു ധൈര്യത്തിന്റെ പുറത്താണ് അഭിനയിക്കാൻ തുടങ്ങിയത്. അങ്ങനെ ഇന്ന് ഇവിടെ എത്തി നിൽക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

മക്കൾക്ക് നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണവും വിസ്മയയും സിനിമയിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു.

‘എനിക്ക് കിട്ടിയ അതേ സ്വാതന്ത്ര്യമാണ് ഞാൻ എന്റെ മക്കൾക്കും നൽകിയത്. അവരുടെ തീരുമാനങ്ങൾ അവർ തന്നെ എടുക്കട്ടെയെന്നാണ് ഞാൻ ആഗ്രഹിച്ചത്. പ്രണവിന് ആദ്യം സിനിമയിൽ വരണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അവൻ സിനിമയിലേക്ക് വന്നു. ഇപ്പോൾ വിസ്മയയും എത്തുകയാണ്. ചെറുപ്പം മുതൽ തന്നെ ഇരുവർക്കും അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നു. വിസ്മയയ്ക്ക് സിനിമയിൽ വരണമെന്ന ആഗ്രഹം കൂടുതൽ വ്യക്തമായിരുന്നു,’ മോഹൻലാൽ കൂട്ടിച്ചേർത്തു.

‘ഞാൻ സിനിമയിൽ എത്തിയ സമയത്തേക്കാൾ ഒരുപാട് അവസരങ്ങൾ ഇന്നുണ്ട്. നല്ല കഥകളും സംവിധായകരെയും തിരഞ്ഞെടുക്കാൻ ഇന്ന് ഇവർക്ക് കഴിയും. സിനിമ നല്ലൊരു പ്രൊഫഷനാണ്. ഇനി എങ്ങനെ മുന്നോട്ടുപോകണം എന്നത് അവരുടെ തീരുമാനമാണ്. അവർ നന്നായി മുന്നോട്ടുപോകട്ടെയെന്നാണ് എന്റെ ആഗ്രഹം,’ മോഹൻലാൽ പറഞ്ഞു.

വിസ്മയ.തുടക്കം.മോഹൻലാൽ.Photo: IMDb/Facebook.com

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റ്ണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം നാളെ (വെള്ളി) തിയേറ്ററുകളിലെത്തും.

Content Highlight: Mohanlal opens up about Pranav and Vismaya’s journey into cinema

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more