തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്’ കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര് കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. ‘കതിര്’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേര്‍ന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര് കാര്‍ഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ്. കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. വെര്‍ച്വല്‍ ലോകത്തെ സ്ക്രീനുകളില്‍നിന്ന് മാറി മണ്ണിലേക്കിറങ്ങാന്‍ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തന്റെ മാതാപിതാക്കളുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് കതിര് കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും കതിര് കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടു ദിവസങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Content highlight: Mohanlal named brand ambassador for ‘Kathir’ agricultural project