സമീപകാലത്ത് മലയാളം സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഹൈപ്പിലെത്തി അതിലും വലിയ നിരാശ നല്‍കിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടെ വാലിബന്‍. ചിത്രത്തിന്റെ റിലീസിന് മുമ്പ് മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയേറ്റര്‍ കുലുങ്ങും എന്ന് ടിനു പാപ്പച്ചന്‍ പറഞ്ഞതുമുതല്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം പക്ഷേ ദയനീയമായി തിയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന് രാജ്യത്തിന്റെ പല കോണില്‍ നിന്നും ഒട്ടനവധി നിരൂപകപ്രശംസയും നേടാനായിരുന്നു.
മലൈക്കോട്ടെ വാലിബന്‍. Photo: The Hindu
ചിത്രത്തിന്റെ നിര്‍മാതാവായ ഷിബു ബേബി ജോണ്‍ മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ് സമയത്ത് നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുണ്ടായ സംഭവത്തെക്കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കുപ്രസിദ്ധരായ ഗോരക്ഷകരെ കുറിച്ചുളള അനുഭവം അദ്ദേഹം പങ്കുവെച്ചത്.
‘വാലിബന്‍ എന്ന ചിത്രം ആളുകള്‍ എങ്ങനെ സ്വീകരിച്ചു എന്നതിനെക്കാള്‍ അതിന്റെയൊരു മേക്കിങ് അപാര സംഭവമായിരുന്നു. ലിജോ എന്ന ജീനിയസ് സംവിധായകനാണ് അതിന്റെ പ്രധാന കാരണം. ചിത്രത്തില്‍ കാളവണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ കാളയൊന്നും പോരെന്ന് ലിജോക്ക് നിര്‍ബന്ധമുണ്ട്. രാജസ്ഥാനിലായിരുന്നു ഷൂട്ടിങ്. പ്രൊഡക്ഷന്റെ ചുമതലയുള്ളവര്‍ രാജസ്ഥാന്‍ മൊത്തം നടന്ന് ഫോട്ടോ അയച്ചുകൊടുത്തു, ലിജോക്കത് പറ്റിയില്ല. അവസാനം കാളയെ തപ്പി തപ്പി ഗുജറാത്തിലെത്തി.
ഗുജറാത്തില്‍ നിന്നും നല്ല കൊമ്പെല്ലാമുള്ള ഒരു പത്ത് പന്ത്രണ്ട് കാളയെ കിട്ടി. ഫോട്ടോയെല്ലാം അയച്ചു ലിജോ അപ്രൂവ് ചെയ്തു. അവിടുന്ന് രണ്ട് വണ്ടിയിലായിട്ട് കോണ്‍വോയിയായി ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക് കാളയെ കൊണ്ട് വരികയായിരുന്നു. പശുവിനെ കൊല്ലാന്‍ പാടില്ലെന്ന് നിയമമുള്ള സ്ഥലമാണ്. അവിടെ നിന്നും കാളയെ കൊണ്ട് വരണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
ഹെല്‍ത്തിന്റെ പെര്‍മിഷന്‍, വില്ലേജ് സര്‍പഞ്ചിന്റെ പെര്‍മിഷന്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലാം ശരിയാക്കിയിട്ടാണ് കാളകളെ കൊണ്ടുപോകുന്നത്. വൈകീട്ടായപ്പോള്‍ ഒരു നൂറ് പേരടങ്ങുന്ന സംഘം വന്ന് വണ്ടി അടിച്ചുപൊട്ടിച്ച് ഡ്രൈവറെയും തല്ലി കാളകളെ മൊത്തം കൊണ്ടുപോയി ഒരു ഗോശാലായില്‍ കൊണ്ട് ചെന്ന് കെട്ടി,’ ഷിബു ബേബി ജോണ്‍ പറയുന്നു.
ലിജോ ജോസ് പെല്ലിശേരി. Photo: The South First
കൗ വിജിലന്‍സ് എന്ന് കേട്ടിട്ടല്ലേ ഉള്ളൂ അന്ന് നേരിട്ട് കണ്ടുവെന്നും എഴുത്തും വായനയും അറിയാവുന്നവരാണെങ്കില്‍ മാത്രമല്ലേ കൈയിലുള്ള പേപ്പര്‍ കൊണ്ട് കാര്യം ഉള്ളതെന്നും അദ്ദേഹം പറയുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ വണ്ടി പിടിച്ച് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടിട്ടു. പിന്നീട് ഒരു വിധത്തില്‍ സ്വാധീനം ഉപയോഗിച്ച് വണ്ടിയും കാളകളെയും ഇറക്കി വേറെ വണ്ടി വിളിച്ചാണ് രാജസ്ഥാനിലെ ലൊക്കേഷനിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവാണെങ്കില്‍ പിന്നെയും മനസ്സിലാക്കാമെന്നും ഇത് എല്ലാ പേപ്പറോട് കൂടി കാളയെ കൊണ്ട് പോകുന്നത് തടയുന്നത് വല്ലാത്ത കഷ്ടമാണെന്നും നിര്‍മാതാവ് പറഞ്ഞു.
Content Highlight: Mohanlal movie Malaikotte Valiban Producer Shibhu Baby John
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ