| Thursday, 2nd July 2026, 8:32 pm

പൃഥ്വിക്ക് ക്ലാഷ് വെക്കാന്‍ ലാലേട്ടന്‍; കിരീടം റീ റിലീസ് ഡേറ്റ് പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

എല്ലാം കൊണ്ടും നല്ല വര്‍ഷമാണ് മലയാള സിനിമയ്ക്ക് 2026. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും വ്യത്യസ്തമായി നല്ല ബിസിനസാണ് മോളിവുഡില്‍ നടന്നത്. ജനുവരിയില്‍ ചത്താ പച്ചയും മാര്‍ച്ചില്‍ ആട് 3യും ഏപ്രിലില്‍ വാഴ 2വും ഭരതനാട്യം 2വും മെയില്‍ ദൃശ്യം 3യും അതിരടിയും തിയേറ്ററില്‍ ആളെ കയറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജൂണില്‍ റിലീസായ ബാലനും ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതോടെ 2026ന്റെ ആദ്യത്തെ ആറ് മാസങ്ങള്‍ മലയാള സിനിമയ്ക്ക് ആഘോഷമായിരുന്നു.

ഇതേ ആവേശം രണ്ടാം പകുതിയിലും തുടരാന്‍ കെല്‍പുള്ള ചിത്രങ്ങളാണ് മോളിവുഡിലെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുള്ളത്. ഇതില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

ഐ നോബഡി.Photo: District

ചിത്രത്തിന് കാര്യമായി ഭീഷണികളുയര്‍ത്തുന്ന ചിത്രങ്ങളൊന്നും തന്നെ ഈ ദിവസങ്ങളില്‍ വരാനില്ലെന്നതും ഐ നോബഡിയ്ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രത്തിന് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ഭീഷണി ഉയര്‍ത്തുന്ന കാഴ്ച്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ജൂലൈ പത്തിന് തന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ കിരീടത്തിന്റെ റീ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

റിലീസ് ചെയ്ത് 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4 കെ ദൃശ്യമികവോടെ ചിത്രം റീ റിലീസിനരുങ്ങുന്നത്. ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യും എന്നുള്ളതിനാല്‍ തന്നെ പുതിയ തലമുറയില പ്രേക്ഷകര്‍ക്ക് ചിത്രം തിയേറ്ററില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

കിരീടം. Photo: X.com

ഇത്തരത്തില്‍ റീ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ തന്നെ ദേവദൂതന്‍, ഛോട്ടാമുംബൈ, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും കളക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചത് കഴിഞ്ഞ മാസം പുറത്തിറങ്ങിയ അല്ലു അര്‍ജുന്റെ മൊഴിമാറ്റി ചിത്രം ഹാപ്പി ബി ഹാപ്പിയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും തിയേറ്റര്‍ പൂരപ്പറാക്കുകയായിരുന്നു. എന്നാല്‍ അത്തരത്തില്‍ ആസ്വദിക്കാനുള്ള ചിത്രമല്ല കിരീടമെങ്കിലും ചിത്രത്തിനോട് മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്.

Content Highlight: Mohanlal movie Kireedam to re release on July 10 clash with I nobody movie starring prithviraj

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more