| Friday, 4th September 2026, 9:57 am

റെക്കോര്‍ഡുകളെല്ലാം റെഡിയാക്കി വെച്ചോളൂ, വര്‍ഷാവസാനം തന്നെ ലാലേട്ടനെത്തും; പാക്കപ്പായി അതിമനോഹരം

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ ബോക്‌സ് ഓഫീസ് പവറിന്റെ അവസാന വാക്കാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്. എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.

തുടരും. Photo: Mid Day

വെറുമൊരു കുടുംബ ചിത്രം എന്ന ലേബലിലെത്തി ബോക്‌സ് ഓഫീസിനെ തൂഫാനാക്കിയ ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ 2025ല്‍ പുറത്തിറങ്ങിയ തുടരും. ആരാധകര്‍ കാണാനാഗ്രഹിച്ച മോഹന്‍ലാലിനെ സ്‌ക്രീനില്‍ അവതരിപ്പിച്ച ചിത്രം 230 കോടിയിലധികം നേടിയായിരുന്നു തിയേറ്റര്‍ വിട്ടത്. മാസ് ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്റെ കഴിവ് തെളിയിച്ച ചിത്രം കൂടിയായിരുന്നു തുടരും.

തുടരുമിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയും സന്തോഷത്തോടെയും ആയിരുന്നു സിനിമാ ലോകം ഏറ്റെടുത്തത്. തരുണ്‍ മൂര്‍ത്തിക്കൊപ്പം എന്നതിലുപരി വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്നതായിരുന്നു പ്രൊജക്ടിന്റെ പ്രധാന ആകര്‍ഷണം. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.

അതിമനോഹരം. Photo: Reddit

രതീഷ് രവി തിരക്കഥ നിര്‍വഹിച്ച് ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 24നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ലാല്‍ ആരാധകര്‍. വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ 2026 ലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും താരം അതിമനോഹരത്തിലൂടെ തകര്‍ത്തെറിയെന്നുമാണ് പ്രതീക്ഷ. നിലവില്‍ 123 കോടിയോളം നേടിയ വാഴ 2 ആണ് ഇന്‍ഡസ്ട്രി ഹിറ്റടിച്ചിരിക്കുന്നത്. എന്നാല്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഈ റെക്കോര്‍ഡ് അതിമനോഹരത്തിന് തകര്‍ക്കാന്‍ സാധിക്കുമെന്നും മലയാളത്തില്‍ നിന്നും 300 കോടി നേടുന്ന മറ്റൊരു ചിത്രമാകാന്‍ ചിത്രത്തിന് സാധിക്കുമെന്നും പലരും വിലയിരുത്തുന്നു.

Content Highlight: Mohanlal Movie Athimanoharam pack up after 114 days of shoot

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more