| Tuesday, 7th October 2025, 3:44 pm

ബെറ്റാലിയനില്‍ ചേര്‍ന്നിട്ട് 16 വര്‍ഷം; ഫാല്‍ക്കേ അവാര്‍ഡിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍.

ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷത്തിലാണ് ഔദ്യോഗിക കൂടിക്കാഴ്ചക്കായി എത്തിയത്.

അവാര്‍ഡ് ലഭിച്ചതില്‍ കരസേനാ മേധാവി തന്നെ അഭിനന്ദിച്ചുവെന്നും അതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. പരമോന്നത ബഹുമതിയോടൊപ്പം തന്നെ നില്‍ക്കുന്ന പ്രശംസയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

’16 വര്‍ഷമായി ഞാന്‍ ബെറ്റാലിയനില്‍ ചേര്‍ന്നിട്ട്. സമൂഹത്തിന് അറിയാവുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് കുറച്ച് കൂടി വിദഗ്ദമായി ചെയ്യാമെന്നതായിരുന്നു സംസാരിച്ചത്.യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ ചര്‍ച്ചകളുണ്ടായി ,’ മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ മാസം 20ാം തീയതിയായിരുന്നു മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം  ലഭിച്ചത്. 2023ലെ പുരസ്കാരമാണ് അദ്ദേ​ഹത്തിന് ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. എല്ലാവരോടും നന്ദിയുണ്ടെന്നും അവരോടുള്ള സ്നേഹവും പ്രാര്‍ത്ഥനും അറിയിക്കുന്നുവെന്നുമാണ് പുരസ്കാരത്തിന് പിന്നാലെ മോഹന്‍ലാല്‍ പറഞ്ഞത്. ഈ അംഗീകാരം താന്‍ മലയാള സിനിമയ്ക്ക് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്കാരം കിട്ടിയതിന് പിന്നാലെ ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.

Content Highlight: Mohanlal meets Army Chief after Phalke Award

We use cookies to give you the best possible experience. Learn more